വീണ്ടും ഓപ്പറേഷന്‍ കമല: കര്‍ണാടകത്തില്‍ അട്ടിമറി നീക്കം ശക്തം

single-img
26 May 2019

കര്‍ണാടകയില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം. കോണ്‍ഗ്രസ് വിമത എം.എല്‍.എമാരായ രമേഷ് ജര്‍കിഹോളിയും സുധാകറും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണ, ബിജെപി നേതാവ് ആര്‍. അശോക് കുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി. രമേഷ് ജാര്‍ക്കിഹോളിക്കൊപ്പമുളള വടക്കന്‍ കര്‍ണാടകത്തിലെ ആറ് എംഎല്‍എമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോര്‍ട്ടിലേക്ക് ഉടന്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി താന്‍ എസ്എം കൃഷ്ണയെ കാണാന്‍ എത്തിയതാണെന്നും അല്ലാതെ തനിക്ക് ജാര്‍ക്കിഹോളിയുമായോ സുധാകറുമായോ സൗഹൃദം പോലുമില്ലെന്നും അശോക് പ്രതികരിച്ചു. രാഷ്ട്രീയം ചര്‍ച്ചചെയ്തില്ലെന്നും എസ്എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബിജെപി വിജയത്തില്‍ അഭിനന്ദിക്കാനാണ് എത്തിയതെന്നുമായിരുന്നു ജാര്‍ക്കിഹോളിയുടെ പ്രതികരണം.

കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയാലുടന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള അന്തിമ നീക്കം നടത്താനാണ് യെദ്യൂരപ്പയും നേതാക്കളും കാത്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 20 എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് വരുമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു.

അതിനിടെ മണ്ഡ്യയില്‍ ജയിച്ച സുമലത അംബരീഷും ബി എസ് യെദ്യൂരപ്പയെ കണ്ടു. സുമലത ബിജെപിയില്‍ ചേരുമെന്നാണ് സൂചന. അംബരീഷിന്റെ ജന്‍മദിനമായ മെയ് 29ന് തീരുമാനം അറിയിക്കുമെന്ന് അവര്‍ വ്യക്തമാക്കി.