ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടു

single-img
26 May 2019

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നിയുക്ത മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കണ്ടു. ആന്ധ്രയും തെലങ്കാനയുമായുള്ള വിഭജനശേഷം സംസ്ഥാനത്തിന്‍റെ ധനകാര്യസ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ജഗൻ, സംസ്ഥാനത്തിന് കേന്ദ്രസഹായം അത്യാവശ്യമാണെന്നും പ്രധാനമന്ത്രിയോട് വ്യക്തമാക്കി.

“ആന്ധ്രയുടെ വികസനമുൾപ്പടെ ചർച്ചയായി മികച്ച കൂടിക്കാഴ്ചയായിരുന്നു ആന്ധ്രാ നിയുക്ത മുഖ്യമന്ത്രി ജഗൻമോഹനുമായി നടത്തിയത്. കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത്‌ നിന്നും എല്ലാ സഹായങ്ങളും ജഗനുണ്ടാകുമെന്ന് ഉറപ്പ് നൽകി”, കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണം എന്ന പ്രചാരണത്തിലൂന്നിയായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ പ്രചാരണം മുഴുവൻ. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്ന ഏത് മുന്നണിയെയും കണ്ണടച്ച് പിന്തുണയ്ക്കുമെന്നും ജഗൻ പ്രചാരണത്തിനിടെ പറഞ്ഞു.