35എ അസംബന്ധ നിയമം; ജമ്മു കാശ്മീരിനുള്ളറെ പ്രത്യേക പദവി റദ്ദാക്കുമെന്ന് ബിജെപി നേതാവ്

single-img
26 May 2019

ഭരണ ഘടനയില്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35A എന്നിവ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ എത്രയും പെട്ടെന്ന് റദ്ദാക്കുമെന്ന് ബിജെപിയുടെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. സംസ്ഥാനത്ത് ബിജെപിയ്ക്ക് സ്വന്തം സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 എന്നത് താല്‍ക്കാലിക സംവിധാനമായിരുന്നു.

ഇപ്പോഴും സംസ്ഥാനത്തിന് പ്രത്യേക പദവി തുടരുന്നത് ജനങ്ങളോട് ചെയ്യുന്ന കൊടിയ അനീതിയാണ്. 35എ എന്നത് തന്നെ അസംബന്ധ നിയമമാണ്. കാശ്മീരില്‍ ഈ നിയമം നടപ്പാക്കിയത് പാര്‍ലമെന്‍റിന്‍റെയും രാഷ്ട്രപതിയുടെയും അംഗീകാരമില്ലാതെ പിന്‍വാതിലിലൂടെയാണ്എത്രയും വേഗത്തില്‍ ഈ രണ്ട് നിയമങ്ങളും റദ്ദാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ യെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം റദ്ദാക്കരുതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. കാശ്മീരിനുള്ള പദവി റദ്ദാക്കാന്‍ മോദിക്ക് കഴിയില്ലെന്നും 370, 35എയും സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.