‘മകള്‍ ഒരു പോരാളി; അവളാണെന്റെ ശക്തി’: അര്‍ബുദം ബാധിച്ച് മരണപ്പെട്ട മകളെപ്പറ്റി ആസിഫ് അലി: ആശ്വസിപ്പിച്ച് സച്ചിന്‍

single-img
26 May 2019

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ട് വയസുകാരിയായ മകള്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചത്. അമേരിക്കയില്‍ വിദഗ്ധ ചികിത്സ നടത്തുന്നതിനിടെയായിരുന്നു മരണം. ലോകകപ്പിന് തൊട്ട് മുമ്പുണ്ടായ ഈ മരണം പാക് താരത്തിന് വലിയ ആഘാതമാണുണ്ടാക്കിയത്.

മകളുടെ അന്ത്യ കര്‍മ്മങ്ങള്‍ക്കു ശേഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി തിരികെ പാക്ക് ടീമിനൊപ്പം ചേര്‍ന്ന ആസിഫ് ട്വിറ്ററില്‍ നീണ്ട കുറിപ്പെഴുതി. മകളുടെ ചികിത്സക്കായി ഒപ്പം നിന്ന ഡോക്ടര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ നന്ദി അറിയിച്ചു കൊണ്ടാണ് ആസിഫിന്റെ കുറിപ്പ്.

‘നമ്മളെല്ലാം ദൈവത്തിന്റെ ഭാഗമാണ്. ഒരിക്കല്‍ അവിടേക്ക് മടങ്ങേണ്ടവരാണ്. ഇത്രയും ക്ലേശകരമായ ഈ സമയത്ത് എനിക്കും കുടുംബത്തിനും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. എന്റെ മകളുടെ ഡോക്ടര്‍മാര്‍ക്കും മറ്റ് നഴ്‌സിംഗ്, സ്‌പ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും നന്ദി. എന്റെ കുഞ്ഞിന് അളവറ്റ സ്‌നേഹവും കരുതലും പ്രാര്‍ത്ഥനയും നല്‍കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, യുഎസ് എംബസി, യുഎസ് കോണ്‍സുലേറ്റ് ജനറല്‍, പാക്കിസ്ഥാന്‍ എംബസി, റോച്ചസ്റ്ററിലെ മായോ ക്ലിനിക്ക്, മിന്നസോട്ടയിലെ പാക്കിസ്ഥാനി സമൂഹം, മാധ്യമ സുഹൃത്തുക്കള്‍, എന്റെ കുടുംബം, എന്റെ ആരാധകര്‍ എന്നിവര്‍ക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു.

സഹ താരങ്ങള്‍, കോച്ചിംഗ് സ്റ്റാഫ് എന്നിവരും ഈ കാലയളവില്‍ എന്നെ പിന്തുണച്ചു. എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ദുഅ ഫാത്തിമയെ ഒരു പോരാളിയായാണ് ഞാന്‍ കാണുന്നത്. അവളായിരുന്നു എന്റെ ശക്തിയും പ്രചോദനവും. അവളുടെ ഓര്‍മ്മകള്‍ എന്നോടൊപ്പം എന്നും ഉണ്ടാകും. ഒരിക്കല്‍ കൂടി എന്റെ രാജകുമാരിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു’ ആസിഫ് കുറിച്ചു.

പാക് താരത്തിന് ആശ്വാസ വാക്കുമായി ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. “വളരെ അടുത്ത ഒരു കുടുംബാംഗം മരണപ്പെടുന്നത് നമ്മെ തളർത്തിക്കളയും. ഞാൻ ആസിഫ് അലിക്കും കുടുംബാംഗങ്ങൾക്കും അനുശോചനമറിയിക്കുന്നു. അത്തരം മരണങ്ങൾ തീരാ നഷ്ടമാണ്. ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുമ്പോൾ മരണപ്പെട്ടു പോയ മകളെപ്പറ്റിയുള്ള ചിന്ത മാറ്റി വെക്കണം.” സച്ചിൻ പറഞ്ഞു.

സമാനമായ അനുഭവത്തിലൂടെ കടന്നുപോയയാളാണ് സച്ചിനും. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനിടെയായിരുന്നു സച്ചിന് സ്വന്തം പിതാവിനെ നഷ്ടമായത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ലോകകപ്പ് സംഘത്തില്‍ തിരിച്ചെത്തിയ സച്ചിന്‍ തൊട്ടടുത്ത മത്സരത്തില്‍ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. കെനിയക്കെതിരെ 101 പന്തുകളില്‍ നിന്ന് 140 റണ്‍ നേടിയ സച്ചിന്‍ അന്ന് പുറത്തായിരുന്നില്ല.