രമ്യ ഹരിദാസ് ജയിക്കാന്‍ കാരണം എ വിജയരാഘവന്‍; സിപിഎമ്മില്‍ പൊട്ടിത്തെറി; സമഗ്ര അന്വേഷണം വേണമെന്ന് എകെ ബാലന്‍

single-img
26 May 2019

ആലത്തൂരില്‍ പികെ ബിജുവിന്റെ തോല്‍വിയ്ക്ക് കാരണം രമ്യ ഹരിദാസിനെതിരായുള്ള എ വിജയരാഘവന്റെ പരാമര്‍ശമെന്ന് എകെ ബാലന്‍. രമ്യ ഹരിദാസിനെതിരായ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇതില്‍ പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകും. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും ഇത് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം, പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല. ചെര്‍പ്പുളശ്ശേരി സംഭവത്തിലും, കൊടുവാള്‍ സംഭവത്തിലും ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും എകെ ബാലന്‍ പറഞ്ഞു.

നേരത്തെ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ശബരിമല വിഷയത്തിലും ഇടതു മുന്നണിയിലെ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിജയരാഘവനെ വിമര്‍ശിച്ച് എ.കെ.ബാലന്‍ തന്നെ രംഗത്ത് വന്നത്.