പാകിസ്താനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലെ ജയം;അഫ്ഗാന്‍ ജനത ആഘോഷിച്ചത് തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്ത്

single-img
26 May 2019

പാകിസ്‌താനെതിരെ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിലെ ജയം വ്യത്യസ്തമായി ആഘോഷിച്ച് അഫ്ഗാന്‍ ജനത. രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളില്‍ തോക്കുപയോഗിച്ച് വെടിവെച്ചായിരുന്നു ജനങളുടെ ആഘോഷം. സന്നാഹ മത്സരത്തില്‍ കഴിഞ്ഞ ദിവസം അഫ്ഗാന്‍ 3 വിക്കറ്റിനാണ് പാകിസ്‌താനെ തോല്‍പ്പിച്ചത്.

അഫ്‌ഗാന്റെ ചിരവൈരികളായ അയല്‍ക്കാരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് രാജ്യത്തിൻറെ വിജയമധുരം ഇരട്ടിയാക്കി. അഫ്ഗാനിസ്താനിൽ രാഷ്ട്രീയ അസ്ഥിരത്വം സൃഷ്ടിക്കാന്‍ പാകിസ്‌താന്‍ താലിബാനെ പിന്തുണയ്ക്കുന്നതായി ആരോപണമുണ്ട്. അതിനാൽ പാകിസ്‌താനെതിരെ അഫ്ഗാന്‍ ജനതയ്ക്ക് ശത്രുതയേറും.
മത്സരത്തിൽ അഫ്ഗാന്‍ ജയിച്ചതോടെ ജനത തെരുവിലിറങ്ങി ആഘോഷം തുടങ്ങിയിരുന്നു.

അഫ്ഗാൻ രാഷ്ട്രീയ നേതാക്കളും വിജയികളെ അനുമോദിച്ചു. തങ്ങള്‍ ചരിത്രവിജയം നേടിയെന്നാണ് മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ ട്വീറ്റ് ചെയ്തത്. എന്നാൽ ജയം വെടിവെച്ച് ആഘോഷിക്കുന്നത് നാണക്കേടാണെന്നാണ് അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് സീനിയര്‍ ഓഫീസര്‍ പറഞ്ഞത്. ഇത്തരത്തിൽ വെടിവെയ്പ് ഇഷ്ടമുള്ളവര്‍ക്ക് തങ്ങളുടെ ഫോഴ്‌സില്‍ ചേരാം.അങ്ങനെയുള്ളവരെ നമുക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.