2014 ൽ 10 ശതമാനമായിരുന്ന വോട്ടുവിഹിതം 40ആക്കി വർദ്ധിപ്പിച്ച് ബിജെപി; 25 ശതമാനമായിരുന്നത് അഞ്ചാക്കി കുറച്ച് സിപിഎം: ബംഗാളിൽ ബിജെപിക്കു പോയത് ഇടത് വോട്ടുകൾ തന്നെ

single-img
25 May 2019

പശ്ചിമ ബം​ഗാളിൽ ചരിത്രത്തിലാദ്യമായി സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാൻ സാധിക്കാത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം കുത്തനെ ഇടിഞ്ഞു. തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിലായിരുന്നു ഇവിടെ നേർക്കുനേർ പോരാട്ടം. സിപിഎം രംഗത്തു തന്നെ ഇല്ലായിരുന്നു. ബിജെപി മികച്ച വിജയമാണ് ബം​ഗാളിൽ സ്വന്തമാക്കിയതും.  

തൃണമൂലിനും കനത്ത തിരിച്ചടിയാണ് ബംഗാളിൽ ലഭിച്ചത്. 2014ൽ തൃണമൂൽ 34 സീറ്റുകൾ നേടിയപ്പോൾ ഇത്തവണ അവർക്ക് 23 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് വിജയിച്ചതെങ്കിൽ ഇത്തവണ 18 സീറ്റുകൾ പിടിച്ചെടുത്തു.

അതേസമയം സിപിഎം കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച് ആശ്വസം കൊണ്ടിരുന്നു. എന്നാൽ ഇത്തവണ ഒരു സീറ്റ് പോലും സിപിഎമ്മിനു ലഭിച്ചില്ല. കോൺ​ഗ്രസ് ഒരു സീറ്റിൽ വിജയിച്ചു.

ഇടതു പക്ഷത്തിന് പരമ്പരാ​ഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ പലതും ബിജെപിക്ക് പോയെന്നാണ് അനുമാനം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബം​ഗാളിൽ പത്ത് ശതമാനം മാത്രമായിരുന്ന വോട്ടു വി​ഹിതം. മൂന്ന് വർഷങ്ങൾക്കിപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ് അരങ്ങേറിയപ്പോൾ അവരുടെ വോട്ട് വി​ഹിതത്തിൽ ​ഗണ്യമായ വർധനയാണ് കാണിക്കുന്നത്. പത്തിൽ നിന്ന് അവരുടെ വോട്ട് വിഹിതം എത്തിയത് 40 ശതമാനത്തിലേക്കാണ് വളർന്നത്.

ഇതേ സ്ഥാനത്ത് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 25 ശതമാനത്തിൽ നിന്ന് വെറും അഞ്ച് ശതമാനത്തിലേക്കാണ് താഴ്ന്നത്. ഈ വോട്ട് ശതമാനം കാണിക്കുന്നത് ബം​ഗാളിലെ ഇടത് വോട്ടുകളിൽ പലതും ഇത്തവണ ബിജെപിക്കാണ് പോയെന്നു തന്നെയാണ്.