ജനനായകനെ ഒഴിവാക്കി പിണറായിയും കോടിയേരിയും നയിച്ച സിപിഎം തകർന്നടിഞ്ഞു: തെരഞ്ഞെടുപ്പിന് പിന്നാലെ വിഎസ് ഫാക്ടര്‍ വീണ്ടും ചർച്ചയാകുന്നു

single-img
25 May 2019

സിപിഎമ്മിൻ്റെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്ന് ഏറ്റുവാങ്ങിയിരിക്കുകയാണ് പാർട്ടി. അതിനു പിന്നാലെ ഇടതുമുന്നണിയില്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രാധാന്യം വീണ്ടും ചര്‍ച്ചയാകുകയാണ്. ജനകീയ മുഖമുള്ള വിഎസിനെ പ്രചരണരംഗത്ത് നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയതാണ് പാർട്ടി തകർന്നടിയുവാനുള്ള കാരണമെന്നാണ് സാധാരണ പ്രവർത്തകർക്കിടയിലെ വിലയിരുത്തൽ.

കേരളത്തിലെ 19 മണ്ഡലങ്ങളിൽ ഉറച്ച മണ്ഡലങ്ങളില്‍ പോലും തോല്‍ക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ ഭൂരിപക്ഷം കിട്ടിയതുമെല്ലാം വലിയ ചര്‍ച്ചയാണ്. ഇത്തവണ ഇടതുപക്ഷത്തിന്റെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നായിരുന്നു.

വിഎസിനെ മുന്‍ നിര്‍ത്തി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ഇടതുപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായിയേയും കോടിയേരി ബാലകൃഷ്ണനെയും മുന്‍ നിര്‍ത്തിയുള്ള പ്രചരണത്തിനായിരുന്നു ഊന്നല്‍ കൊടുത്തത്. വര്‍ഗ്ഗീയത വീഴും വികസനം വാഴും എന്ന പരസ്യവാചകത്തിനൊപ്പം ഹോര്‍ഡിംഗുകളിലും പോസ്റ്ററുകളിലും നിറഞ്ഞു നിന്നതും പിണറായിയും കോടിയേരിയും ആയിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും വിഎസിനെ ഒഴിവാക്കാന്‍ നീക്കം നടന്നെങ്കിലും ശക്തമായ ജനകീയ എതിര്‍പ്പ് ഉയര്‍ന്നതോടെ ഈ നീക്കം ഉപേക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ബ്ബന്ധിതമാകുകയായിരുന്നു. എന്നാല്‍ ഇത്തവണ വിഎസിനെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പാര്‍ട്ടി പ്രചരണത്തിനിറങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം രുചിച്ചതോടെ വിഎസ് ഫാക്ടര്‍ വീണ്ടും ചർച്ചകളിലേക്കെത്തുകയാണ്.