തൃണമൂലില്‍ നിന്നും അസംതൃപ്തരായ 143 നേതാക്കള്‍ ബിജെപിയില്‍ ചേരും: ബിജെപി നേതാവ് മുകുള്‍ റോയ്

single-img
25 May 2019

തൃണമൂലില്‍ അസംതൃപ്തരായ 143 നേതാക്കള്‍ ബിജെപിയിലേക്ക് ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന അവകാശ വാദവുമായി ബിജെപി നേതാവ് മുകുള്‍ റോയ്. ഈ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ ബംഗാളിലെ143 നിയമസഭാ മണ്ഡലങ്ങളില്‍ പിന്നിലായെന്നും അവിടെയുള്ള പാര്‍ട്ടിയുടെ നേതാക്കന്‍മാരൊന്നും ഇനി തൃണമൂലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുകുള്‍ റോയ് പറഞ്ഞു.

തൃണമൂലിൽ നിന്നും 100 ലേറെ എംഎല്‍എമാര്‍ താങ്കളുമായി ബന്ധപ്പെട്ടുവെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് 2019 ലെ തെരഞ്ഞെടുപ്പില്‍ 143 അസംബ്ലി മണ്ഡലങ്ങള്‍ തൃണമൂല്‍ കൈവിട്ടെന്നും അവിടെ മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതായത്അവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നേക്കാമെന്ന സൂചനയായിരുന്നു മുകുള്‍ റോയ് നല്‍കിയത്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിയാണ് പശ്ചിമ ബംഗാളില്‍ ബിജെപി 18 സീറ്റുകൾ നേടിയത്. ഒന്നര വർഷം മുൻപ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ്ക്ക് ബിജെപിയുടെ ഈ നേട്ടത്തില്‍ വലിയ പങ്കുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്.