ഇന്ത്യ എന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ല; കേന്ദ്ര സര്‍ക്കാരിന് തമിഴ്‌നാടിനെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്ന സൂചനയുമായി സ്റ്റാലിന്‍

single-img
25 May 2019

തുടര്‍ച്ചയായി രണ്ടാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തിലേറുന്ന ബിജെപി സര്‍ക്കാറിന് തമിഴ്‌നാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ഇന്ത്യ എന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും കേന്ദ്രത്തിലുള്ളൊരു സര്‍ക്കാറിന് രാജ്യത്തെ ഒരു സംസ്ഥാനത്തെയും അവഗണിക്കാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുന്നണി പരാജയപ്പെട്ടതിനാല്‍ തമിഴ്‌നാട്ടിലെ വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിന്‍. ഈ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 38-ല്‍ 37 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരുമണ്ഡലത്തിലും തിളക്കമാര്‍ന്ന വിജയം ഡിഎംകെ അംഗമായ യുപിഎ കൈവരിച്ചിരുന്നു. ദീര്‍ഘ കാലശേഷം മത്സരിച്ച 19 സീറ്റുകളിലും വിജയിച്ചാണ് ഡിഎംകെ തമിഴ്‌നാട്ടില്‍ തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ. 37 സീറ്റുകളില്‍ വന്‍വിജയംകൊയ്തപ്പോള്‍ ഒരുസീറ്റുപോലും നേടാതെ നിര്‍ജീവമായ പാര്‍ട്ടിയെയാണ് അഞ്ചുവര്‍ഷംകൊണ്ട് സ്റ്റാലിന്‍ തിരിച്ചുപിടിച്ചത്.