റാഫേല്‍ ഇടപാടില്‍ പുനപരിശോധനാ ഹര്‍ജി തള്ളിക്കളയണം; സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍

single-img
25 May 2019

റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ചുള്ള കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളിക്കളയണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍. കേസ് പരിഗണിക്കുന്നത് ഇന്ത്യന്‍ വ്യോമസേനയുടെ പ്രാവര്‍ത്തിക സന്നദ്ധതയെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജി തള്ളിക്കളയണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടത്.

ഇടപാടുമായി ബന്ധപ്പെട്ടുള്ള സിഎജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14ലെ വിധിയില്‍ അപാകതയൊന്നും ഇല്ലായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതിന് മുന്‍പ് കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും, പുതിയ തെളിവുകളെ അടിസ്ഥാനമാക്കിയും വിധി പുനപരിശോധിക്കണെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

ആദ്യം കേസ് പരിഗണിച്ചപ്പോള്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഡ്വ. പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി, യശ്വന്ത് സിന്ഹ എന്നിവരാണ് റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിയമയുദ്ധം നയിക്കുന്നത്.