നന്ദിയുണ്ട് ടീച്ചർ: ദീപ നിശാന്തിനോട് രമ്യാ ഹരിദാസ്

single-img
25 May 2019

ആലത്തൂരില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ് രംഗത്ത്. ദീപയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യ ഹരിദാസിൻ്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് തോല്‍പ്പിച്ചത്.

ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ നിഷ്പ്രയാസം ജയിച്ചു കയറാമെന്ന ചിന്തയിലായിരുന്നു എല്‍ഡിഎഫ്. എന്നാല്‍ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള സിപിഎം നേതാവ് വിജയരാഘവന്റെ പ്രസ്താവനയും അതിന് പിന്നാലെ രമ്യയെ കളിയാക്കിക്കൊണ്ടുള്ള ദീപ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയാവുകയായിരുന്നു.

ഇതോടെ രമ്യയുടെ പിന്തുണ കുത്തനെ ഉയരുകയായിരുന്നു. രമ്യയെക്കുറിച്ച് ദീപ നിശാന്ത് ഫേയ്‌സ്ബുക്കില്‍ തുടരെ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഒന്നരലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ രമ്യയും ദീപയ്ക്ക് നന്ദി പറഞ്ഞതോടെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.