അധ്യക്ഷസ്ഥാന രാജി; രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളി; ഇനിയുണ്ടാവുക പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചു പണി

single-img
25 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്ന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളി . താന്‍ രാജിക്ക് സന്നദ്ധനെന്നു രാഹുല്‍ ഗാന്ധി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആ നിര്‍ദേശം തള്ളിയെന്നും രാഹുലിനോട് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടെന്നും പാര്‍ട്ടി മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജിക്കുള്ള തീരുമാനം നേരത്തെ സോണിയ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഈ തീരുമാനം അറിയിച്ചെങ്കിലും അവരെല്ലാം ഇതിനെ എതിര്‍ക്കുകയായിരുന്നു. പക്ഷെ രാജി തീരുമാനത്തില്‍ ഉറച്ചു നിന്ന രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തിലും ഈ തീരുമാനം ആവര്‍ത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് എടുത്തതെന്നും നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ സ്വഭാവികമായും ഉത്തരവാദിത്തവും എല്ലാ നേതാക്കള്‍ക്കുമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി നിര്‍ണായക വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ രാഹുല്‍ സ്ഥാനമൊഴിയുന്നത് പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ രാഹുല്‍ മുന്നോട്ട് നയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചു പണി നടത്താന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തിയ പ്രവര്‍ത്തകസമിതി ഏത് രീതിയിലുള്ള മാറ്റവും സംഘടനയില്‍ കൊണ്ടുവരാന്‍ അധികാരപ്പെടുത്തുകയും ചെയ്തു.