കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണം; അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല: നരേന്ദ്ര മോദി

single-img
25 May 2019

നമ്മള്‍ ജനപ്രതിനിധികള്‍ക്ക് പക്ഷപാതങ്ങളില്ല എന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി. നമുക്കൊപ്പം നിലവില്‍ ഉള്ളവര്‍ക്കും ഇനി ഒപ്പമുണ്ടാകാന്‍ പോകുന്നവര്‍ക്കും ഒപ്പം നമ്മളുണ്ടാകും. ഗാന്ധിജിയും ദീന്‍ ദയാല്‍ ഉപാധ്യായയും രാം മനോഹര്‍ ലോഹ്യയും ബാബ സാഹിബ് അംബേദ്കറും പഠിപ്പിച്ച കാര്യങ്ങളിലാണ് തന്‍ വിശ്വസിക്കുന്നത് എന്നും എന്‍ഡിഎ എംപിമാരോട് അദ്ദേഹം പറഞ്ഞു.

ഇവിടെ എത്തിയിട്ടുള്ള നിങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാകാം. പക്ഷെ നിങ്ങളെല്ലാം ഇന്ത്യയുടെ നിയമനിര്‍മ്മാതാക്കളാണ്. കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണം. മോദിയാണ് നിങ്ങളെ ജയിപ്പിച്ചത് എന്ന് കരുതരുത് പകരം, ജനങ്ങളാണ് ജയിപ്പിച്ചത്.

ഒരു പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടിയാലും മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കണമെന്നും മോദി പറഞ്ഞു. ലോകമാകെ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ ലോക്സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. ഭരണാധികാരിയുടെ അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല. എന്‍ഡിഎയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും.

ഈ വര്‍ഷം മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കി. ഭയത്തില്‍ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു.