നരേന്ദ്ര ധബോല്‍ക്കര്‍ വധം; സനാതന്‍ സന്‍സ്തയുടെ രണ്ട് പ്രവർത്തകർ അറസ്റ്റിൽ

single-img
25 May 2019

മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ട കേസില്‍ സംഘപരിവാര്‍ അനുകൂല സംഘടനയായ സനാതന്‍ സന്‍സ്ത അംഗവും അഭിഭാഷകനുമായ സ‍ഞ്ജീവ് പുനലേക്കര്‍, വിക്രം ഭേവ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. നരേന്ദ്ര ധബോല്‍ക്കറിന്‍റെ കൊലപാതകത്തില്‍ സ‍ഞ്ജീവ് പുനലേക്കറിനും, വിക്രം ഭേവിനും പങ്കുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇരുവരെയും പൂനെയില്‍ നിന്ന് സിബി ഐ അറസ്റ്റ് ചെയ്തത്.

നാളെ ഇരുവരെയും സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്യപ്പെട്ട അഭിഭാഷകനായ സഞ്ജീവ് പുനലേക്കര്‍ കേസുകളില്‍ പ്രതികളായിട്ടുള്ള സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കിയിട്ടുണ്ട്. 2008 ല്‍ മഹാരാഷ്ട്രയിലെ താനേയിലുണ്ടായ സ്ഫോടനക്കേസില്‍ പ്രതിയാണ് വിക്രം ഭേവ്. ഈ കേസില്‍ 2013 ല്‍ ബോംബേ ഹൈക്കോടതിയില്‍ നിന്നും വിക്രം ഭേവ് ജാമ്യം നേടി. നരേന്ദ്ര ധബോല്‍കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സനാതന സന്‍സ്ത അംഗവും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്‌ഡേയെ 2016 ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.