വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താതെ വര്‍ഗസമരം സാധ്യമല്ല; ശബരിമല വിഷയത്തില്‍ പിണറായിയെ തള്ളി എംവി ഗോവിന്ദന്‍

single-img
25 May 2019

കേരളത്തില്‍ തെരഞ്ഞെടുപ്പിലുണ്ടായ കനത്തപരാജയത്തിന് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന പരോക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. മുന്നോട്ടുള്ള യാത്രയില്‍ വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്തിയേ മുന്നോട്ട് പോകാനാവൂ എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സമൂഹത്തിലെ വിശ്വാസിയേയും അവിശ്വാസിയേയും കൂടെ നിര്‍ത്താതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് പാര്‍ട്ടിക്ക്. വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താതെ വര്‍ഗസമരം സാധ്യമല്ലെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഈ തരഞ്ഞെടുപ്പില്‍ ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സവര്‍ണ ഹിന്ദു വോട്ടുകള്‍ സിപിഎമ്മിന് നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തോല്‍വികള്‍ വിശദമായി പരിശോധിക്കപ്പെടണം. ഏതൊക്കെ തലങ്ങളില്‍ പാര്‍ട്ടിക്ക് വീഴ്ചകള്‍ പറ്റിയെന്ന് വിലയിരുത്തണം. ഇപ്പോള്‍ പറ്റിയിട്ടുള്ള തെറ്റുകള്‍ തിരുത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് സിപിഎം മുന്നോട്ടുപോകേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ എസ് ടി എ ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരാജയ കാരണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഉത്തരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഈ താല്‍ക്കാലിക തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടിക്ക് കരകയറാനാകൂ. സമൂഹത്തില്‍ മതവും വിശ്വാസവും അവസാനിപ്പിക്കണമെന്ന് സിപിഎം പറയുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ തന്നെ അനുഭാവികളില്‍ വലിയ വിഭാഗം വിശ്വാസികളുണ്ട്. ഇതില്‍ താഴെ തട്ടില്‍ പാര്‍ട്ടി അംഗത്വമുള്ളവരില്‍ വിശ്വാസികള്‍ ഏറെയാണ്. അവരെയും ഒപ്പം ചേര്‍ത്തുവേണം മുന്നോട്ടുപോകാന്‍. കേന്ദ്രത്തില്‍ മോദിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്ന പ്രചാരണം ഇടതുപക്ഷത്തിന് ദോഷം ചെയ്‌തെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ പരാജയത്തില്‍ ശബരിമല വിഷയം തിരിച്ചടിയായിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അങ്ങിനെ സംഭവിച്ചാല്‍ ഗുണം ലഭിക്കേണ്ടിയിരുന്നത് ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.