മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല എന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു; മമത ബാനര്‍ജി

single-img
25 May 2019

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെതന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തന്റെ തീരുമാനം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മമത പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മമത, പാര്‍ട്ടി അധ്യക്ഷയായി താന്‍ തുടരുമെന്നും അറിയിച്ചു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ബംഗാള്‍. ഇപ്പോൾ18 എംപിമാരാണ് ബിജെപിക്ക് ബംഗാളില്‍ നിന്നുള്ളത്. ‘ഈ ചർച്ച തുടങ്ങിയപ്പോൾ തന്നെ ഞാൻ മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു’- മമത പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു.

‘കേന്ദ്രത്തിന്റെ സേനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബംഗാളിൽ ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു.
സമൂഹത്തിൽ ഹിന്ദു മുസ് ലിം ധ്രുവീകീരണം ഉണ്ടാക്കി വോട്ടുകള്‍ അവര്‍ വിഘടിപ്പിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി, എന്നാല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ല’- മമത പറയുന്നു. പാർലെമെന്റിലേക്ക് ബംഗാളിൽ നിന്നും 34 സീറ്റുകളുണ്ടായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം നേടാനായത് വെറും 22 സീറ്റുകളാണ്.