തെരഞ്ഞെടുപ്പ് പരാജയം; രാഹുല്‍ ഗാന്ധി രാജി വെച്ചാല്‍ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും: പി ചിദംബരം

single-img
25 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെച്ചാല്‍ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയോട് രാജി വെക്കരുതെന്ന് ചിദംബരം ആവശ്യപ്പെടുകയും ചെയ്തു എന്നാണു റിപ്പോര്‍ട്ടുകള്‍.

രാഹുലിന്റെ രാജിസന്നദ്ധത പ്രവര്‍ത്തകസമിതി ഏകകണ്ഠേന തള്ളിയതാണെന്നു വ്യക്തമാക്കി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമങ്ങളെ കണ്ടിരുന്നു. രാജി വെച്ചാലും പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരാമെന്ന്‍ രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചിരുന്നതായും എന്നാല്‍ രാഹുലിന്റെ നേതൃത്വം കോണ്‍ഗ്രസിന് ആവശ്യമാണെന്നുമായിരുന്നു സുര്‍ജേവാല പറഞ്ഞത്.

തെരഞ്ഞെടുപ്പ് പരാജയ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായ അഴിച്ചുപണിക്ക് സമിതി രാഹുലിന് അനുമതി നല്‍കിയിട്ടുണ്ട്. ഭാവിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയായിരിക്കണം എന്നതിന്റെ രൂപരേഖ ഉടന്‍ തയ്യാറാക്കുമെന്നും സുര്‍ജേവാല പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും രാഹുല്‍ ഗാന്ധി തന്റെ രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് സൂചന.