ശബരിമല സമരത്തിൽ തങ്ങൾക്കൊപ്പം നിന്നവർ തിരഞ്ഞെടുപ്പിൽ സഹായിച്ചില്ല: ബിജെപി

single-img
25 May 2019

ശബരിമല സമരത്തിൽ തങ്ങൾക്കൊപ്പം നിന്നവർ തിരഞ്ഞെടുപ്പിൽ സഹായിച്ചില്ലെന്ന വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാർ രംഗത്ത്. യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ സമരം ചെയ്‌ത പ്രസ്ഥാനങ്ങൾ പലതും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇക്കാര്യം പാർട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സ്വകാര്യ ചാനലിനോടായിരുന്നു എൻഎസ്എസിനെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചത്. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും നേടാനാവാത്തത് ബി.ജെ.പിയിൽ കനത്ത പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും ബി.ജെ.പിക്ക് അനുകൂല തരംഗമുണ്ടായിട്ടും അത് കേരളത്തിൽ ഉപയോഗിക്കാനാവാത്തത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിയിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

പാർട്ടി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയിരുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് കേവലം 33,806 വോട്ടുകൾ മാത്രമാണ് കൂടുതൽ നേടാനായതെന്നും ചർച്ചയാകും. തൊട്ടടുത്ത മണ്ഡലത്തിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നേടിയപ്പോഴാണ് കുമ്മനത്തിന്റെ ദയനീയ പ്രകടനം.