ഇന്ന് കേരളാ മുഖ്യമന്ത്രിക്ക് 75 ആം പിറന്നാൾ; നാളെ ഇടത് സർക്കാരിന്‍റെ മൂന്നാം വാർഷികം; ആഘോഷങ്ങളില്ലാതെ മുന്നണി

single-img
24 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത പരാജയത്തിനെ അഭിമുഖീകരിക്കുന്നതിനിടെ കേരളാ മുഖ്യമന്ത്രിക്ക് ഇന്ന് 75 ആം പിറന്നാൾ. അതേപോലെ നാളെയാണ് ഇടത് സർക്കാരിന്‍റെ മൂന്നാം വാർഷികം. രണ്ടും തീരെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ കടന്നുപോകുന്നത്. ഈ മന്ത്രിസഭയുടെ സത്യപ്രതി‍ജ്ഞയ്ക്ക് തൊട്ടുമുൻപാണ് അതുവരെ രഹസ്യമായി കൊണ്ടുനടന്നിരുന്ന തന്‍റെ പിറന്നാൽ ദിനം പിണറായി വിജയൻ പരസ്യമാക്കിയത്.

തെരഞ്ഞെടുപ്പ് പരാജയ കാരണമായി ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടത് മുന്നണിയെ കൈവിട്ടതിൽ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വ്യാപകമായി വിമർശിക്കപ്പെടുകയാണ്. തങ്ങളുടെ ജയത്തിന് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് പ്രതിപക്ഷം പരിഹസിക്കുമ്പോൾ എങ്ങിനെയാണ്‌ വോട്ടുകള്‍ ചോര്‍ന്നത് എന്നതില്‍ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി.

ഈ മന്ത്രിസഭ അധികാരം ഏറ്റശേഷമുള്ള കഴിഞ്ഞ രണ്ട് വര്‍ഷവും മന്ത്രിസഭാ വാർഷികവും 1000 ദിനവും സർക്കാർ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നതാണ്. എന്നാല്‍ നാളെയാണ് സര്‍ക്കാരിന്റെ മൂന്നാം വാർഷികമെങ്കിലും രണ്ട് ദിവസം കൂടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ആഘോഷമുണ്ടാകില്ല. പിന്നീടും ആഘോഷപരിപാടകളുണ്ടാവില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.