‘ആദ്യമായി ഭീകരാക്രമണ കേസിലെ പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് അയക്കുന്നു: ഇനി നമുക്കെങ്ങനെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാവുക’: നടി സ്വര ഭാസ്‌കര്‍

single-img
24 May 2019

പ്രജ്ഞ സിങ് ഠാക്കൂറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണത്തിലെ കുറ്റാരോപിതയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ പുതിയ തുടക്കത്തില്‍ സന്തോഷിക്കുന്നു! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ ലോക് സഭയിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാവുക?, എന്നായിരുന്നു സ്വരയുടെ ഒരു ട്വീറ്റ്.

മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയാണ് പ്രജ്ഞ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങിനെയാണ് പ്രജ്ഞ പരാജയപ്പെടുത്തിയത്. 3.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രജ്ഞയുടെ വിജയം. അധര്‍മ്മത്തിന് മേല്‍ ധര്‍മ്മത്തിന്റെ വിജയമാണിതെന്നായിരുന്നു വിജയിച്ച ശേഷം പ്രജ്ഞ സിങിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു പ്രജ്ഞ സിങ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്നാണ് പ്രജ്ഞ പറഞ്ഞത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബി.ജെ.പി നേതൃത്വത്തിന് പ്രഗ്യയെ തള്ളിപ്പറയേണ്ടിവന്നു. പ്രജ്ഞയുടേത് വ്യക്തിപരമായ പരാമര്‍ശമാണെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം.