പിണറായി വിജയന്‍ 18ആം പടി ചവിട്ടി സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അയ്യപ്പനോട്‌ പറയണം: രാജ്മോഹന്‍ ഉണ്ണിത്താന്‍

single-img
24 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ ഇടതുമുന്നണി നേതൃത്വത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയായത് ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാടുകളാണെന്ന് പറഞ്ഞ ഉണ്ണിത്താന്‍ ഇനിയുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചില നിര്‍ദേശങ്ങളും മുന്നോട്ടു വെക്കുകയുണ്ടായി.

കാസര്‍കോട് നിന്നുള്ള അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായ പ്രകടനം. ”ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. ” നിങ്ങള്‍ 41 ദിവസംമാലയിട്ട് വൃതം എടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല.- ഉണ്ണിത്താൻ പറയുന്നു.

കാരണം, അയ്യപ്പന്റെ കോപം ഇവര്‍ക്കുണ്ട്. കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഈ പണി”- ഉണ്ണിത്താന്‍ പറഞ്ഞു. കാസർകോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി സതീഷ് ചന്ദ്രനെ 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്.