കേന്ദ്രമന്ത്രിസഭയിൽ കുമ്മനത്തിനും സാധ്യത

single-img
24 May 2019

പുതിയ കേന്ദ്ര മന്ത്രിസഭയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ  സുപ്രധാന വകുപ്പ് കൈയാളുമെന്നു സൂചനകൾ. അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ഗാന്ധി നഗറിൽ നിന്നു വിജയിച്ചാണ് അമിത് ഷാ ഇത്തവണ മന്ത്രിസഭയിലേക്കെത്തുന്നത്. ഗുജറാത്തിൽ മുൻപ് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായ്ക്ക് കേന്ദ്രത്തിലും അതേ വകുപ്പു തന്നെ ലഭിക്കാനാണു സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.

കുമ്മനം രാജശേഖരനെ മന്ത്രിയാക്കാൻ മോദി തയാറാകുമെന്നും സൂചനകളുണ്ട്. തിരുവനന്തപുരത്ത് പരാജയപ്പെട്ടുവെങ്കിലും മന്ത്രിസഭയിലെ ഒരു പ്രധാന വകുപ്പ് തന്നെ കുമ്മനം രാജശേഖരൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ നാല് സുപ്രധാന വകുപ്പുകളിൽ ആരാണ് വരിക എന്നതും രാജ്യം ഉറ്റുനോക്കുന്നു.

54കാരനായ ഷാ കേന്ദ്ര മന്ത്രിസഭയിൽ ചേരുകയാണെങ്കിൽ അദ്ദേഹം തന്നെയായിരിക്കും രണ്ടാം സ്ഥാനത്ത്. അരുൺ ജയ്റ്റ്ലി തന്നെ ധനകാര്യ മന്ത്രിയായി തുടരുമോ എന്ന് വ്യക്തമല്ല. അനാരോഗ്യം കാരണം ഈ തെരഞ്ഞെടുപ്പിൽ എങ്ങും തന്നെ പ്രചാരണത്തിനു പോകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അദ്ദേഹം സ്വയം മാറി നിൽക്കാൻ സന്നദ്ധനായാൽ പീയൂഷ് ഗോയലായിരിക്കും ധനകാര്യ വകുപ്പിന്റെ ചുമതല ലഭിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

അമിത് ഷാ ആഭ്യന്തരമേറ്റെടുത്താൽ രാജ്നാഥ് സിങിന് പുതിയ വകുപ്പു നൽകേണ്ടി വരും. പ്രതിരോധത്തിലേക്കു രാജ്നാഥ് വരുമെന്നു സൂചനകളുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും സുഷമ വിദേശകാര്യ വകുപ്പിൽ തുടരുമെന്നാണു കരുതുന്നത്. അവരെ രാജ്യസഭയിലേക്ക് കൊണ്ടുവരണം എന്നേയുള്ളൂ. രാജ്യസഭാ അംഗങ്ങളായ അമിത് ഷാ, സ്മൃതി ഇറാനി, രവിശങ്കർ പ്രസാദ് എന്നിവർ ലോക്സഭയിലേക്കു ജയിച്ചതിനാൽ ഈ ഒ‌ഴിവുകളിലേക്ക് പുതിയ അം​ഗങ്ങളെ നിയോ​ഗിക്കേണ്ടി വരും. അവർ രാജി വയ്ക്കുന്ന ഒഴിവുകളിലൊന്നു സുഷമയ്ക്കു നൽകുമെന്നാണ് റിപ്പോർട്ടുകൾ.