ടിവിയില്‍ തെരഞ്ഞെടുപ്പ് ഫലം കണ്ടിരുന്ന കുമ്മനം രാജശേഖരന്റെ ‘ചങ്കുതകര്‍ന്നുപോയി’; നിരാശരായിരിക്കുന്നവര്‍ക്ക് മുന്നില്‍ ‘തമാശയടിച്ച്’ ഒ രാജഗോപാല്‍

single-img
24 May 2019

ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലാണ് കേരളത്തില്‍ ബിജെപി. മിസോറം ഗവര്‍ണര്‍ പദവി രാജിവച്ചു തലസ്ഥാനത്തു മല്‍സരിച്ച കുമ്മനം രാജശേഖരന്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇവിടെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ആഗ്രഹിച്ചിരുന്നില്ല. നിയമസഭാമണ്ഡലങ്ങളില്‍ നേമത്തു മാത്രമാണു ബിജെപിക്കു മുന്നിലെത്താന്‍ കഴിഞ്ഞത്.

ഇന്നലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുമ്മനത്തിന്റെ പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരുന്നു. സന്തോഷവും സങ്കടവുമൊന്നും ഏശാത്ത നേതാവ് പക്ഷേ ഇന്നലെ ദുഖത്തിലായിരുന്നു എന്ന് മുഖഭാവത്തില്‍ നിന്നുതന്നെ വ്യക്തം. വെവ്വേറെ മുറികളിലിരുന്നാണു കുമ്മനവും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും ടിവിയില്‍ തിരഞ്ഞെടുപ്പു ഫലം കണ്ടത്.

പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് എന്നിവര്‍ ശ്രീധരന്‍പിള്ളയുടെ മുറിയിലിരുന്നു. നാലു ടിവികള്‍ സജ്ജീകരിച്ച മുറിയിലിരുന്നാണു കുമ്മനം ഫലം വീക്ഷിച്ചത്. ഇടയ്ക്ക് ഒ.രാജഗോപാല്‍ എംഎല്‍എയും എം.ടി. രമേശും വന്നുപോയി. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ നിശബ്ദനായിരുന്ന് ഫോണില്‍ നോക്കി മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു കുമ്മനം.

ഇടയ്ക്കു സഹായികള്‍ ലീഡു നില അറിയിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നില്‍ വരാതിരുന്നതോടെ നേതാവിന്റെയും അണികളുടെയും മുഖത്ത് ആശങ്ക. കുഞ്ഞാലിക്കുട്ടിയുടെയും കെ. മുരളീധരന്റെയും വിജയ പ്രതികരണങ്ങള്‍ വന്നപ്പോള്‍ അതു സസൂക്ഷ്മം കേട്ടിരുന്നു. ഇടയ്ക്കു ദേശീയ ചാനലില്‍ ബിജെപി കേന്ദ്ര ഓഫിസിലെ വിജയാഹ്ലാദത്തിന്റെ ദൃശ്യങ്ങള്‍ നോക്കി.ഒ.രാജഗോപാല്‍ കടന്നുവന്നപ്പോള്‍ നേരിയ മന്ദസ്മിതം. കൈകള്‍ ചേര്‍ത്തു പിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ‘പരനാറി’ പ്രയോഗത്തെക്കുറിച്ചു ചാനലില്‍ കേട്ടപ്പോള്‍ ‘അങ്ങനെ പറഞ്ഞതുകൊണ്ടാണ് യുഡിഎഫിന് ഇത്ര വലിയ വിജയമെന്ന’ രാജഗോപാലിന്റെ കമന്റ് ചിരിപടര്‍ത്തി. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരം സെന്‍ട്രലിലുമൊന്നും പ്രതീക്ഷിച്ച പോലെ വോട്ടുവന്നില്ലെന്നു കേട്ടപ്പോള്‍ കുമ്മനം അതു പ്രത്യേകം കുറിച്ചുവച്ചു. ഒന്നരയോടെ വോട്ടെണ്ണല്‍ 60 % പിന്നിട്ടപ്പോള്‍ തോല്‍വി ഉറപ്പിക്കുന്ന മട്ടിലായി. കടലാസുകളെല്ലാം ഭദ്രമായി ബാഗിലേക്കു വച്ച് ക്ഷീണിച്ച പുഞ്ചിരിയോടെ എഴുന്നേറ്റു.

വൈകിട്ടു പത്രസമ്മേളനത്തില്‍ പുതിയ കേന്ദ്രമന്ത്രിസഭയില്‍ കുമ്മനം ഉണ്ടാകുമോ എന്ന ചോദ്യത്തോട് വൈകാരികമായിട്ടായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം: ‘ഇത്തരം ഗൗരവമില്ലാത്ത ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയുന്നില്ല. പ്രധാനമന്ത്രി മൂന്നോ നാലോ എംപിമാരെ തന്നതാണ്. ഇനിയുള്ള സാഹചര്യം എന്താണെന്നു പ്രധാനമന്ത്രി തന്നെ തീരുമാനിക്കട്ടെ .’

കടപ്പാട്: മനോരമ