നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് കൊടിക്കുന്നിൽ സുരേഷ്

single-img
24 May 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള ചുമതല മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷിന്‌ ലഭിച്ചേക്കുമെന്നു സൂചന. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകേണ്ടത്. ലോക്‌സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളെയാണ് പ്രോ ടേം സ്പീക്കറായി നിയോ​ഗിക്കുക.

കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു കഴിഞ്ഞ സഭയിൽ സീനിയർ അംഗം. എന്നാൽ ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത ഏറെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സിപിഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ പിന്നിലാക്കിയാണ് കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ വിജയം പിടിച്ചെടുത്തത്. 4,44,415 വോട്ടുകളാണ് കൊടിക്കുന്നില്‍ നേടിയത്. 3,79,277 വോട്ടുകളാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

എൻഡിഎയ്ക്കായി രം​ഗത്തിറങ്ങിയ ബിഡിജെഎസ് സ്ഥാനാർഥി തഴവ സഹദേവന് 1,33,546 വോട്ടുകൾ മാത്രമാണ് നേടാനായത്.