കണ്ണന്താനം, തുഷാര്‍ വെള്ളാപ്പള്ളി അടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി

single-img
24 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ച 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി. പോള്‍ ചെയ്ത വോട്ടില്‍ സാധുവായ വോട്ടിന്റെ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സയമത്ത് കെട്ടിവച്ച തുക തിരിച്ചുലഭിക്കുകയുള്ളൂ.

പാലക്കാട് മത്സരിച്ച സി കൃഷ്ണകുമാര്‍, തൃശ്ശൂരില്‍ സുരേഷ് ഗോപി, പിസി തോമസ് കോട്ടയം, കെഎസ് രാധാകൃഷ്ണന്‍ ആലപ്പുഴ, കെ സുരേന്ദ്രന്‍ പത്തനംതിട്ട, ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങല്‍, കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവച്ച കാശ് തിരിച്ചുകിട്ടുക.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കണ്ണൂരില്‍ സികെ പത്മനാഭന്‍ എന്നിവര്‍ അടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സികെപി നേടിയത് 68509 വോട്ടാണ്. തൊട്ടുപിന്നില്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇദ്ദേഹത്തിന് കിട്ടിയത് 78816 വോട്ടാണ്.

രണ്ടു സീറ്റില്‍ ജയവും 20 % വോട്ടും 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡും പ്രതീക്ഷിച്ച ബിജെപിക്കു കിട്ടിയതു ശക്തമായ തിരിച്ചടി. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലായി പാര്‍ട്ടി.

മിസോറം ഗവര്‍ണര്‍ പദവി രാജിവച്ചു തലസ്ഥാനത്തു മല്‍സരിച്ച കുമ്മനം രാജശേഖരന്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇവിടെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ആഗ്രഹിച്ചിരുന്നില്ല. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട്ട് സി. കൃഷ്ണകുമാറും രണ്ടു ലക്ഷത്തിലേറെ വോട്ടുനേടി ഈ മണ്ഡലങ്ങളിലെ വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചു.

നിയമസഭാമണ്ഡലങ്ങളില്‍ നേമത്തു മാത്രമാണു ബിജെപിക്കു മുന്നിലെത്താന്‍ കഴിഞ്ഞത്. 2014 –ലെ 10% വോട്ട് എന്നതു 16% ആയി വര്‍ദ്ധിച്ചതാണ് നേട്ടമായി ബിജെപി അവതരിപ്പിക്കുന്നത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.

മോദിയുടെ വികസന–ക്ഷേമപദ്ധതികളേക്കാളും ആയുധമാക്കിയതും ശബരിമല തന്നെ. ഹിന്ദു സമുദായത്തിലുണ്ടാക്കിയ അതൃപ്തി മുതലാക്കി ജയിച്ചു കയറാമെന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. കേരളത്തില്‍ പ്രചാരണത്തിനായി വന്ന നരേന്ദ്രമോദിയും അമിത്ഷായും വിശ്വാസ സംരക്ഷണത്തിനായും ആചാരസംരക്ഷണത്തിനായും ബിജെപി ഏതറ്റം വരെയും പോകുമെന്നു പറഞ്ഞു കയ്യടി നേടിയെങ്കിലും വോട്ടായില്ല.