പിസി ജോര്‍ജ്ജിനെ ‘തള്ളിപ്പറഞ്ഞ്’ കെ സുരേന്ദ്രന്‍; ‘പിസി ജോര്‍ജ്ജ് ഗുണം ചെയ്തില്ല’

single-img
24 May 2019

പിസി ജോര്‍ജജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്ന് കിട്ടിയില്ലെന്ന് തുറന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍. പിസി ജോര്‍ജ്ജ് ഫാക്ടര്‍ ഗുണം ചെയ്തില്ലെന്ന് വിലയിരുത്താനെ പ്രാഥമിക ഘട്ടത്തില്‍ തനിക്ക് കഴിയൂ എന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

പത്തനംതിട്ടയില്‍ ജയിക്കുമെന്ന് ബിജെപിക്ക് പുറത്ത് നിന്ന് ആദ്യമായി ഒരാള്‍ പറയുന്നത് പിസി ജോര്‍ജ്ജ് ആയിരുന്നെന്നും കെ സുരേന്ദ്രന്‍ ഓര്‍മ്മിച്ചു. എന്നാല്‍ സ്വാധീനമേഖലയില്‍ പോലും വോട്ട് കുറഞ്ഞതിന്റെ സാഹചര്യവും കാരണവും പാര്‍ട്ടി ഫോറങ്ങളില്‍ വിശദമായി വിലയിരുത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ടയിലെ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ അഞ്ചിലും ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിച്ചിതിലേറെ തിരിച്ചടി കിട്ടിയത് പിസി ജോര്‍ജ്ജിന്റെ തട്ടകമായ പൂഞ്ഞാറില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാണ്. ബിജെപിക്ക് സ്വതവെ സ്വീകാര്യത വിലയിരുത്തുന്ന പ്രദേശങ്ങള്‍ ഉണ്ടായിട്ടു കൂടി പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു.

അതേസമയം, ഒപ്പം നടന്ന ബിജെപിക്കാര്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ കാലു വാരിയെന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് പറഞ്ഞത്. ന്യൂനപക്ഷത്തെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനായില്ലെന്നും പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.