16-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ മെയ് 30ന്

single-img
24 May 2019

കാലാവധി അവസാനിച്ച 16-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ അംഗീകരിച്ച പ്രമേയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. പിന്നീട് ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചതിനുശേഷം 17-ാം ലോക്‌സഭ രൂപീകരിക്കും. സത്യപ്രതിജ്ഞ ചെയ്ത് മെയ് 30-നാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ മന്ത്രിസഭയിലും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ലാത്തതിനാല്‍കാര്യമായ മാറ്റങ്ങളില്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുക. മോദിക്ക് ശേഷം മന്ത്രിസഭയിലെ രണ്ടാമനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ഏല്‍പ്പിച്ചശേഷമാകും ഇതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

നാളെ ചേരാനിരിക്കുന്ന എന്‍ഡിഎ യോഗത്തിലാണ് മോദിയെ ഔദ്യോഗികമായി തങ്ങളുടെ നേതാവായി മുന്നണി പ്രഖ്യാപിക്കുക. തുടര്‍ന്ന് രാഷ്ട്രപതി അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ആധികാരികമായ വിജയമാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി നേടിയത്.

കേവല ഭൂരിപക്ഷം കടന്ന് 303 സീറ്റ് ബിജെപിക്കു മാത്രമായി ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാള്‍ 22 സീറ്റ് അധികമാണിത്. എന്‍ഡിഎയ്ക്ക് ആകെ 352 സീറ്റ് ലഭിച്ചു.