Breaking News, Lok Sabha Election 2019

സുവര്‍ണാവസരം പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തില്‍ മാത്രം; 121 നിയമസഭാ സീറ്റുകളിലും യുഡിഎഫ് മുന്നില്‍

രാഹുലിന്റെ ചിറകിലേറിയ യുഡിഎഫ് കേരളം കീഴടക്കിയപ്പോള്‍ 121 നിയമസഭാ സീറ്റുകളിലാണ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്.

രണ്ടു സീറ്റില്‍ ജയവും 20 % വോട്ടും 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡും പ്രതീക്ഷിച്ച ബിജെപിക്കു കിട്ടിയതു ശക്തമായ തിരിച്ചടി. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലായി പാര്‍ട്ടി. കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തില്‍ മാത്രം.

ഇടുക്കി, തൃശൂര്‍, വയനാട്, പൊന്നാനി, മലപ്പുറം, എറണാകുളം, ആലത്തൂര്‍ കൊല്ലം, ചാലക്കുടി, മാവേലിക്കര, കോഴിക്കോട് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി. പത്തനംതിട്ടയിലും, കോട്ടയത്തും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും, വടകരയിലും ഓരോ നിയമസഭാ സീറ്റില്‍ മാത്രമാണ് യുഡിഎഫ് പിന്നാക്കം പോയത്.

കാസര്‍കോട് ഏഴില്‍ നാലിടത്തും മുന്നിലെത്തിയിട്ടും ഉണ്ണിത്താന്‍ വിജയിക്കാന്‍ കാരണം മഞ്ചേശ്വരത്തും കാസര്‍കോട്ടും സതീഷ് ചന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുകൊണ്ടാണ്. കണ്ണൂരില്‍ ധര്‍മ്മടവും മട്ടന്നൂരും ഒഴികെ എല്ലായിടത്തും സുധാകരന്‍ മുന്നിലെത്തി. സിപിഎം ആകെ ജയിച്ച ആലപ്പുഴയില്‍ പോലും നാലിടത്ത് മുന്നിലെത്തിയത് ഷാനിമോള്‍ ഉസ്മാനാണ്. പി.ജയരാജനെന്ന വന്‍മരത്തിന് തലശ്ശേരിയില്‍ മാത്രമാണ് മുന്നിലെത്താനായത്.

പത്തനംതിട്ടയില്‍ അടൂര്‍ നിയമസഭാ സീറ്റില്‍ മുന്നിലെത്താനായത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാനുള്ളത്. ഇന്ത്യയില്‍ തന്നെ ഇടതുപക്ഷം അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. സിപിഐക്ക് കൈവശമുണ്ടായിരുന്ന തൃശൂര്‍ സീറ്റ് നഷ്ടപ്പെട്ടെങ്കിലും തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച രണ്ടിടത്തും ജയിച്ചു. സിപിഎം ബംഗാളിലും ത്രിപുരയിലും തുടച്ചുനീക്കപ്പെട്ടു.

കേരളത്തില്‍ ആലപ്പുഴ മാത്രമാണ് സിപിഎമ്മിന്റെ ആശ്വാസ തുരുത്ത്. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനൊപ്പം നിന്ന് രണ്ട് എംപിമാരെ ജയിപ്പിക്കാന്‍ സിപിഎമ്മിനും കഴിഞ്ഞു. ലോക്‌സഭയില്‍ ഇപ്പോള്‍ സിപിഎമ്മിനും മുസ് ലിം ലീഗിനും മൂന്ന് എംപിമാരെന്നതാണ് കണക്ക്. കേരളത്തില്‍ രണ്ടിടത്ത് ജയിച്ച ലീഗ് തമിഴ്‌നാട്ടിലും യുപിഎയ്‌ക്കൊപ്പം നിന്ന് ഒരു സീറ്റ് നേടി.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. മോദിയുടെ വികസന–ക്ഷേമപദ്ധതികളേക്കാളും ആയുധമാക്കിയതും ശബരിമല തന്നെ. ഹിന്ദു സമുദായത്തിലുണ്ടാക്കിയ അതൃപ്തി മുതലാക്കി ജയിച്ചു കയറാമെന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. കേരളത്തില്‍ പ്രചാരണത്തിനായി വന്ന നരേന്ദ്രമോദിയും അമിത്ഷായും വിശ്വാസ സംരക്ഷണത്തിനായും ആചാരസംരക്ഷണത്തിനായും ബിജെപി ഏതറ്റം വരെയും പോകുമെന്നു പറഞ്ഞു കയ്യടി നേടിയെങ്കിലും വോട്ടായില്ല.

ശക്തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ന്യൂനപക്ഷവോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷവോട്ടുകളിലെ ഏറിയ പങ്കും യുഡിഎഫിന് അനുകൂലമായി. എക്‌സിറ്റ് പോളുകളില്‍ ബിജെപി ജയിക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. ആറന്മുള ഉള്‍പ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി പിന്നിലായി. അടുത്തിടെ എന്‍ഡിഎയില്‍ ചേര്‍ന്ന പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറിലും പ്രകടനം ദയനീയമായി. ശബരിമല വിഷയം അതിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ടയില്‍ പോലും വേണ്ട പോലെ ഏശിയില്ല. സുരേന്ദ്രന്റെ ജയില്‍വാസവും വോട്ടായില്ല.

ശബരിമല കോണ്‍ഗ്രസിനു ഗുണം ചെയ്തതിന്റെ കാരണം ദേശീയനേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരിക്കേണ്ടിവരും. ന്യൂനപക്ഷങ്ങളുടെ മോദി ഭീതി അകറ്റാനും പാര്‍ട്ടിക്കായില്ല എന്ന വിമര്‍ശനവുമുണ്ട്. ഘടകകക്ഷിയായ ബിഡിജെഎസും തിളങ്ങിയില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും പങ്കുവഹിച്ച ആര്‍എസ്എസിനെതിരെയും മുറുമുറുപ്പുണ്ട്. പാര്‍ട്ടിയില്‍ അഴിച്ചുപണി ഉടനെയുണ്ടായേക്കാമെന്ന സൂചനയും ശക്തമാണ്.