കോണ്‍ഗ്രസില്‍ കൂട്ടരാജി; പാര്‍ട്ടി അധ്യക്ഷന്മാര്‍ രാജി സമര്‍പ്പിച്ചു; രാഹുല്‍ ഗാന്ധിയും രാജിക്ക് ?

single-img
24 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര്‍ രാജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി തന്നെ അരലക്ഷം വോട്ടിനു തോറ്റ അമേഠിയിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വച്ചു.

പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം സംസ്ഥാനത്ത് പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബബ്ബര്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

അതിനിടെ, പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഉടന്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്.

ഇരട്ടി പ്രഹരമെന്നോണം അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രമുഖ നേതാക്കളായ ജോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിങും പരാജയപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി ഇന്നലെ രാജി സന്നദ്ധത അറിയിച്ചിരുന്നു. തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാഹുല്‍ അധ്യക്ഷനായി തുടരാന്‍ തീരുമാനിച്ചുള്ള പ്രമേയം പ്രവര്‍ത്തക സമിതി പാസാക്കിയേക്കും. പരാജയ കാരണം പരിശോധിക്കാന്‍ ഒരു സമിതിയും രൂപീകരിക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും തേടിയ നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തര്‍ക്കമാണെന്ന വിമര്‍ശനം ശക്തമാണ്. ഇതും കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള ബി.ജെ.പി ശ്രമവും ചര്‍ച്ചയാകും. 2014ല്‍ നിന്നും 8 സീറ്റ് മാത്രം കൂടുതല്‍ നേടി 52ല്‍ എത്താനേ കോണ്‍ഗ്രസിന് ആയുള്ളൂ. പ്രതിപക്ഷ കക്ഷി, നേതൃ സ്ഥാനങ്ങള്‍ ഇത്തവണയും ഇല്ല.