പ്രതികാരം ചെയ്തു; വി.കെ.ശ്രീകണ്ഠന് ഇനി താടി എടുക്കാം

single-img
23 May 2019

രാഹുല്‍ഗാന്ധി കേരളത്തില്‍ നിന്നാല്‍ 20ല്‍ 20 സീറ്റും കേരളത്തില്‍ യുഡിഎഫ് നേടുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. പലരും അത് തമാശയായിട്ടാണ് കണകാക്കിയത്. എന്നാല്‍ ആ തമാശ കാര്യമാകുന്ന കണക്കുകളാണ് പാലക്കാട്ടും മറ്റും കാണുന്നത്. കെ.പി.സി.സി പോലും പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫിന് പാലക്കാട് ലഭിച്ചിരിക്കുന്നത്. പാലക്കാട് വിജയസാധ്യതയില്‍ നേതൃത്വം സംശയം പ്രകടിപ്പിച്ചപ്പോഴും വി.കെ.ശ്രീകണ്ഠന്‍ അട്ടിമറി വിജയം നേടുമെന്ന് പറഞ്ഞിരുന്നു.

എക്‌സിറ്റ് പോളുകളിലടക്കം എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കിയ മണ്ഡലമായിരുന്നു പാലക്കാട്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിലാണ് പാലക്കാട് ശ്രീകണ്ഠന്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചത്. മലമ്പുഴ ഒഴികെ എല്ലാ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ശ്രീകണ്ഠന്‍ മുന്നിലാണ്. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് വി.ക.ശ്രീകണ്ഠന്‍ നടത്തിയത്. ജയ് ഹോ എന്ന പേരില്‍ നടത്തിയ പദയാത്ര വലിയ ആവേശമാണ് അണികളിലും ജനങ്ങളിലും ഉണ്ടാക്കിയത്.

1990ല്‍ ഷൊര്‍ണൂര്‍ എസ്എന്‍ കോളജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സോഡാക്കുപ്പി പൊട്ടിച്ച് കുത്തിയത് വി.കെ.ശ്രീകണ്ഠന്റെ കവിളിലാണ്. കവിളിലെ ആ മുറിപ്പാട് മറയ്ക്കാനാണു വി.കെ.ശ്രീകണ്ഠന്‍ താടി ശീലമാക്കിയത്. അന്ന് വി.കെ.ശ്രീകണ്ഠന്‍ ഒരു ശപഥമെടുത്തു. ‘എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ പരാജയപ്പെടുത്തുന്ന ദിവസം മാത്രമേ ഞാന്‍ ഈ താടിയെടുക്കൂ, അതൊരു ശപഥമാണ്’. ഇനി ധൈര്യമായി ശ്രീകണ്ഠന് താടിയെടുക്കാം.