ശബരിമലയിലെ ‘സുവര്‍ണാവസരം’ ബി.ജെ.പിയ്ക്ക് നല്‍കിയത് പൂജ്യം സീറ്റ്; ശ്രീധരന്‍പിള്ള തെറിക്കും

single-img
23 May 2019

രാജ്യമെങ്ങും ബിജെപി തരംഗം അലയടിക്കുമ്പോള്‍ അതിന് കടകവിരുദ്ധമായി കേരളം പിന്തുണച്ചത് കോണ്‍ഗ്രസ് സഖ്യത്തെയായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആകെയുള്ള 20 സീറ്റില്‍ പത്തൊമ്പതിലും ലീഡ് നിലനിര്‍ത്തി യുഡിഎഫ്. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്കു ലീഡുള്ളത്. ബിജെപി പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചതുമില്ല.

ഉത്തര്‍പ്രദേശിലെ അയോധ്യയിലേതിന് സമാനമായാണ് ശബരിമല വിഷയം കേരളത്തില്‍ ബി.ജെ.പി കൈകാര്യം ചെയ്തത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനൊരുങ്ങിയ സംസ്ഥാന സര്‍ക്കാരിനെതിരെ കലാപത്തിനും ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി.ജെ.പിയ്ക്കായില്ല.

അനുകൂലമായ സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും പാര്‍ട്ടിയെ ഐക്യപ്പെടുത്തി നയിക്കാനും ശ്രീധരന്‍പിള്ളയ്ക്കുമായില്ല. പത്തനംതിട്ട മണ്ഡലത്തില്‍ ശക്തമായ മല്‍സരമാണ് ബി.ജെ.പി നടത്തിയത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ തകര്‍ന്നടിഞ്ഞു. സിറ്റിങ് എം.പി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ആറന്‍മുള എം.എല്‍.എ വീണ ജോര്‍ജും തമ്മിലാണ് ഇപ്പോള്‍ പോരാട്ടം.

ശബരിമല കലാപം ഏറ്റവുമധികം ചര്‍ച്ചയായ പത്തനംതിട്ടയില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. ശബരിമല പ്രക്ഷോഭത്തില്‍ ജയിലില്‍ കഴിയേണ്ടിവന്ന സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.

പത്തനംതിട്ടയ്ക്കു പുറമേ എന്‍.ഡി.എയ്ക്കു വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് കുമ്മനംരാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം. ഇവിടെയും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ് ഇവിടെ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നത്.

അതേസമയം, സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ബി.ജെ.പിയുടെ കേരളാ ഘടകത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.