സംഘപരിവാറുകാര്‍ക്ക് ഇതിലും വലിയ നാണക്കേട് ഇനിയില്ല; കുമ്മനവും സുരേന്ദ്രനും തോല്‍വിയിലേക്ക്

single-img
23 May 2019

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആകെയുള്ള 20 സീറ്റില്‍ പത്തൊമ്പതിലും ലീഡ് നിലനിര്‍ത്തി യുഡിഎഫ്. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്കു ലീഡുള്ളത്. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ച വയനാട്ടിലും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തും ലീഡ് ഒന്നരലക്ഷം കടന്നു.

ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ഒന്നേകാല്‍ ലക്ഷം തൊട്ടു. പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍, കോട്ടയത്ത് തോമസ് ചാഴികാടന്‍, കോഴിക്കോട്ട് എം.കെ.രാഘവന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രന്‍ എന്നിവരുടെ ലീഡ് അരക്ഷം കടന്നു.

അതേസമയം ശബരിമല സജീവ ചര്‍ച്ചയായ പത്തനംതിട്ട മണ്ഡലത്തില്‍ ശക്തമായ മല്‍സരമാണ് ബി.ജെ.പി നടത്തിയത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ തകര്‍ന്നടിഞ്ഞു. സിറ്റിങ് എം.പി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ആറന്‍മുള എം.എല്‍.എ വീണ ജോര്‍ജും തമ്മിലാണ് ഇപ്പോള്‍ പോരാട്ടം.

ശബരിമല കലാപം ഏറ്റവുമധികം ചര്‍ച്ചയായ പത്തനംതിട്ടയില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. ശബരിമല പ്രക്ഷോഭത്തില്‍ ജയിലില്‍ കഴിയേണ്ടിവന്ന സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.

പത്തനംതിട്ടയ്ക്കു പുറമേ എന്‍.ഡി.എയ്ക്കു വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് കുമ്മനംരാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം. ഇവിടെയും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ് ഇവിടെ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നത്.