`ശബരിമല´ വിതച്ചത് ബിജെപി; വിളവെടുത്തത് കോൺഗ്രസ്: കേരളത്തിൻ്റെ പടി ചവിട്ടാനാകാതെ രാജ്യം ഭരിക്കുന്ന ശക്തി

single-img
23 May 2019

രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞുവീശിയിട്ടും കേരളം ബിജെപിയെ അടുപ്പിക്കുന്നില്ല. ഇത്തവണ തുണയ്ക്കുമെന്ന് വിലയിരുത്തിയിരുന്ന ശബരിമല വിഷയവും വോട്ടായി മാറിയില്ലെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളിലാണ് ബിജെപി ഇത്തവണ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നത്. ആറ്റിങ്ങല്‍, കോട്ടയം, കാസര്‍ക്കോട് മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടാക്കാനാവുമെന്ന് ബിജെപിയും എന്‍ഡിഎ നേതൃയോഗവും വിലയിരുത്തിയിരുന്നു. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് തിരുവനന്തപുരത്ത് രണ്ടാമത് എത്താന്‍ കഴിഞ്ഞതാണ് ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടം.

ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രമായ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ പ്രചാരണത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയതെങ്കിലും അതു വോട്ടായി മാറിയില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. അറുപതു ശതമാനത്തോളം വോട്ട് എണ്ണിത്തീരുമ്പോള്‍ മുപ്പതിനായിരത്തിലേറെ  വോട്ടുമായി വിജയം ഉറപ്പിച്ച യുഡിഎഫിന്റെ ആന്റോ ആന്റണിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അടൂരില്‍ മാത്രമാണ് സുരേന്ദ്രന് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്.

സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പു ഫലമാണ് പുറത്തുവരികയെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാല്‍ അന്‍പതു ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത് പതിവു പോലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തന്നെയാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ രണ്ടാമത് എത്തിയെങ്കിലും ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവിലും നേമത്തും മാത്രമാണ് ബിജെപിക്ക് മുന്നിലെത്താനായത്.

തൃശൂരില്‍ എഴുപതു ശതമാനത്തോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ അറുപതിനായിരത്തിലേറെ ലീഡുമായി ജയം ഉറപ്പിച്ച ടിഎന്‍ പ്രതാപനും രണ്ടാം സ്ഥാനത്തുളള രാജാജി മാത്യു തോമസിനും പിന്നിലാണ്, ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. രണ്ടു ലക്ഷത്തില്‍ താഴെ വോട്ടാണ് ഇതുവരെ സുരേഷ് ഗോപിക്കു നേടാനായത്. നിയമസഭാ മണ്ഡലങ്ങളില്‍ തൃശൂരും ഇരിങ്ങാലക്കുടിയിലും സുരേഷ് ഗോപി രണ്ടാമത് എത്തി.