രാഹുല്‍ ഗാന്ധി തോറ്റു: അധ്യക്ഷ സ്ഥാനം രാജിവെക്കും

single-img
23 May 2019

ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തോറ്റു എന്ന് റിപ്പോര്‍ട്ട്. എന്നാൽ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക മാധ്യമങ്ങൾ ആണ് രാഹുൽ തോറ്റു എന്ന വിവരം പുറത്തുവിട്ടത്. ഇരുപതിനായിരത്തിലധികം വോട്ടുകൾക്ക് സ്മൃതി ഇറാനി വിജയിച്ചു എന്നാണ് വിവരം. തോൽവി അംഗീകരിച്ചതായി രാഹുൽഗാന്ധി പറഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്

അതിനിടെ വയനാട് മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ വിജയവുമായി രാഹുൽ ഗാന്ധി. തുടർച്ചയായ മൂന്നാം തവണയും മണ്ഡലത്തിലെ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. 2014-ലെ തിരഞ്ഞെടുപ്പിൽ 20870 ആയിരുന്ന ഭൂരിപക്ഷം ഇത്തവണ നാലുലക്ഷം കവിഞ്ഞു. മണ്ഡലത്തിലെ ഏഴ് ലക്ഷത്തിൽപ്പരം വോട്ടുകളാണ് രാഹുലിന്റെ അക്കൗണ്ടിൽ വീണത്.

മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി സുനീർ രണ്ടാമതെത്തി. മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതിൽനിന്ന് ഒരുലക്ഷത്തോളം വോട്ടുകൾ കുറഞ്ഞു. ഏഴ് നിയമസഭാമണ്ഡലങ്ങളിൽ ഒരിടത്തുപോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലുൾപ്പടെ യു.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്.

മൂന്നാമതെത്തിയ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വോട്ടിന്റെ എണ്ണത്തിൽ കഴിഞ്ഞ തവണ മത്സരിച്ച രശ്മിൽകുമാറിന് നേടാനായതിൽനിന്ന് ഇത്തവണയും വലിയ വ്യത്യാസമില്ല. ബത്തേരി മണ്ഡലത്തിൽനിന്നാണ് മുന്നണിക്ക് കൂടുതൽ വോട്ട് നേടാനായത്. ലക്ഷത്തിലേറെ വോട്ടുകൾ നേടാമെന്ന എൻ.ഡി.എയുടെ കണക്കുകൂട്ടലുകൾ ഇതോടെ അസ്ഥാനത്താകുകയും ചെയ്തു.