രാജ്യം ആര് ഭരിക്കണമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഔദ്യോഗിക ഫലപ്രഖ്യാപനം വെെകും

single-img
23 May 2019

രാജ്യം ആര് ഭരിക്കണമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആകാംക്ഷയോടെ കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വെെകുമെന്നാണ് സൂചനകൾ.

ഫല സൂചനകള്‍ ഉച്ചയോടെ പുറത്തു വന്നുതുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാകുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫലം ഇനിയും വെെകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11 ശതമാനമാണ്. കേരളത്തില്‍ മൊത്തം രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്.