ഫലം പുറത്തുവരുന്നതിനു മുമ്പേ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി; പുതുമുഖ എംപിമാർക്ക് താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ നൽകില്ല

single-img
23 May 2019

പതിനേഴാം ലോക്‌സഭയിലെ പുതിയസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനുമുമ്പേ ഒരുക്കം തുടങ്ങി. രാഷ്ട്രപതിഭവനാണ് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം തുടങ്ങിയത്. വിളിക്കേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രാഥമിക നടപടികളാണ് തുടങ്ങിയത്.

ഫലമറിഞ്ഞതിനു ശേഷമായിരിക്കും സത്യപ്രതിജ്ഞാതീയതി നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മുന്നണിയുടെയോ പാർട്ടിയുടെയോ താത്പര്യം കണക്കിലെടുത്താവും ഇത്.

അതേസമയം പതിനേഴാം ലോക്‌സഭയിലെ പുതുമുഖങ്ങൾക്ക്‌ താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ നൽകില്ല. എം.പി.മാരെ ജൻപഥ് റോഡിലെ വെസ്റ്റേൺ കോർട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും പാർപ്പിക്കും. ലോക്‌സഭാ സെക്രട്ടറി ജനറൽ ആണ് ഇക്കാര്യമറിയിച്ചത്. സകലസൗകര്യങ്ങളുമുള്ള മുന്നൂറോളം മുറികൾ എം.പി.മാർക്കുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്.

2014-ൽ മുന്നൂറിലേറെ എംപിമാരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ അംഗങ്ങളിൽ ചിലർ ഔദ്യോഗിക വസതികളൊഴിയാൻ കൂട്ടാക്കിയില്ല. രണ്ടും കൂടിയായപ്പോൾ താമസസൗകര്യത്തിന്‌ വലിയപ്രതിസന്ധി നേരിട്ടു. അംഗങ്ങളെ താമസിപ്പിക്കാൻ ഹോട്ടൽമുറിയെടുത്ത വകയിൽ 30 കോടി രൂപയാണ് ചെലവുവന്നത്.

പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി തുടങ്ങിയതായി സെക്രട്ടറി ജനറൽ സ്നേഹലതാ ശ്രീവാസ്തവ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലും റെയിൽവേസ്റ്റേഷനുകളിലും സഹായ ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.