പി സി ജോര്‍ജ്ജ് വന്നു… സുരേന്ദ്രന് കിട്ടേണ്ട വോട്ടും കൂടി പോയിക്കിട്ടി: പൂഞ്ഞാറില്‍ സുരേന്ദ്രന്‍ തകര്‍ന്നടിഞ്ഞു

single-img
23 May 2019

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരമാണ് പത്തനംതിട്ടയില്‍ നടന്നത്. ശബരിമല സജീവ ചര്‍ച്ചയായ മണ്ഡലത്തില്‍ ശക്തമായ മല്‍സരമാണ് ബി.ജെ.പി നടത്തിയത്. എന്നാല്‍ പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ തകര്‍ന്നടിഞ്ഞു. സിറ്റിങ് എം.പി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ആറന്‍മുള എം.എല്‍.എ വീണ ജോര്‍ജും തമ്മിലാണ് ഇപ്പോള്‍ പോരാട്ടം.

അതേസമയം, ഇതുവരെയുള്ള വോട്ടെണ്ണല്‍ ഘട്ടത്തില്‍ ഒരിക്കല്‍ പോലും എല്‍.ഡി.എഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പിച്ച ലീഡ് നിലനിര്‍ത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്.

ശബരിമല കലാപം ഏറ്റവുമധികം ചര്‍ച്ചയായ പത്തനംതിട്ടയില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വോട്ടു തേടിയത്. ശബരിമല പ്രക്ഷോഭത്തില്‍ ജയിലില്‍ കഴിയേണ്ടിവന്ന സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.

പത്തനംതിട്ടയ്ക്കു പുറമേ എന്‍.ഡി.എയ്ക്കു വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് കുമ്മനംരാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം. ഇവിടെയും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ് ഇവിടെ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നത്.