Latest News

കെ.സുരേന്ദ്രന്‍ ‘എട്ടുനിലയിൽ പൊട്ടി’: നാണംകെട്ട് ശബരിമല കർമ്മസമിതിയും പി സി ജോർജും

ശബരിമല ബിജെപിയെ തുണച്ചില്ല. പാർട്ടികൾക്കെല്ലാം അതീതമായി പൂഞ്ഞാര്‍ പി.സി ജോർജിനൊപ്പമെന്ന ധാരണയും പൊളിച്ചടുക്കി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാറി മറിയുന്ന ലീഡ് നിലകളിൽ അടൂർ മണ്ഡലത്തിൽ മാത്രമാണ് സുരേന്ദ്രന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്.

ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മൽസരമെന്ന ധാരണ ഉയർത്തിയെങ്കിലും സ്ഥിതി മാറി മറിയുകയായിരുന്നു. ആന്റോ ആന്റണിയുടെ കൃത്യമായ മുന്നേറ്റമാണ് പത്തനംതിട്ടയിൽ പ്രകടമാകുന്നത്. ഇതിനൊപ്പം വീണാ ജോർജിന് അപ്രതീക്ഷിത തിരിച്ചടിയായത് സ്വന്തം മണ്ഡലത്തിൽ പിന്നാലായതാണ്. പിന്നീട് അതും മറികടന്നു.

ശബരിമല പ്രക്ഷോഭങ്ങളിലൂടെ പത്തനംതിട്ടയിൽ ബിജെപി ഒരു സുവർണാവസരമാണ് പ്രതീക്ഷിച്ചിരുന്നത്. വിജയത്തിൽ കുറഞ്ഞൊന്നും തന്നെ എൻഡിഎ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെടുപ്പ് കഴിഞ്ഞ് നടന്ന ബൂത്തുതല അവലോകനത്തിലും 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ജയിക്കുമെന്നായിരുന്നു എൻഡിഎയുടെ പ്രതീക്ഷ.

വോട്ടെണ്ണൽ പുരോഗമിക്കവേ സമാഹരിച്ച വോട്ടിന്റെ എണ്ണത്തിൽ വർധനവുണ്ടാക്കാനായെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടഫല സൂചനകൾ പുറത്തുവന്ന സമയത്ത് എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് സുരേന്ദ്രൻ ലീഡ് നിലനിർത്തിയിരുന്നു. എന്നാൽ പിന്നീട് യുഡിഎഫിന്റെ ആന്റോ ആന്റണി മുന്നിലേക്ക് വരികയായിരുന്നു.

കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷത്തിനടുത്ത് പത്തനംതിട്ടയിൽ ആന്റോ ആന്റണി നേടുമെന്ന് തന്നെയാണ് കരുതുന്നത്. കോട്ടയം ജില്ലയിൽ പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയമസഭാ മണ്ഡലങ്ങളും തിരവല്ല, റാന്നി, അടൂർ, ആറന്മുള, കോന്നി എന്നീ പത്തനം തിട്ട ജില്ലയില മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. ഇതിൽ അടൂർ ഒഴികെ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിൽ.

അടൂരിൽ എൽഡിഎഫിനാണ് മേൽകൈ. അതേസമയം ഇടത് സ്ഥാനാർഥിയായ വീണാ ജോർജ് സ്വന്തം തട്ടകമായ ആറന്മുള മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും കൂട്ടിവായിക്കണ്ടതുണ്ട്. മണ്ഡലം രൂപീകൃതമായി 2009 മുതൽ ആന്റോ ആന്റണിയാണ് ഇവിടെ നിന്ന് ജയിച്ചിട്ടുള്ളത്.

മണ്ഡലം യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞ തവണ എൽഡിഎഫ് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സമരങ്ങളിൽ ബിജെപി കളമറിഞ്ഞ് കളിച്ചപ്പോൾ പ്രതിരോധത്തിലായത് യുഡിഎഫും എൽഡിഎഫും ഒരുമിച്ചായിരുന്നു. എന്നാൽ സമരങ്ങളുടെ ഭാഗമായി പോലീസിന്റെ തല്ലുകൊണ്ടതും, കേസുകളിൽ പെട്ട് ജയലിൽ കിടക്കേണ്ടി വന്നതും ബിജെപി വോട്ടാക്കി മാറ്റാൻ ശ്രമിച്ചു.

ഇതിനായി സമരത്തിന് ഉടനീളം വാർത്താ താരമായി നിന്ന കെ. സുരന്ദ്രേനെ എൻഡിഎ ഇവിടെ സ്ഥാനാർഥിയാക്കി ഇറക്കി. ആറന്മുള എംഎൽഎ ആയ വീണാ ജോർജിനെ എൽഡിഎഫും കളത്തിലിറക്കി. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞ് വോട്ടുതേടുന്നതിനേക്കാൾ മണ്ഡലത്തിലുടനീളം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് കൂടുതലും ചർച്ചയായത്.

സുവർണാവസരം വിജയമാക്കി മാറ്റാൻ എൻഡിഎ കാടിളക്കിയുള്ള പ്രചരണം നടത്തുകയും ചെയ്തു.അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. സുരേന്ദ്രൻ വിജയിക്കുമെന്ന് പ്രവർത്തകർ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. അത്രത്തോളം പ്രവർത്തനം മണ്ഡലത്തിൽ നടന്നിട്ടുമുണ്ട്.

എന്നാൽ ബിജെപി പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ആന്റോ ആന്റണി വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. 2014 ൽ ആറന്മുള സമരമാണ് വോട്ടാക്കി മാറ്റാൻ ബിജെപി ശ്രമിച്ചത്. അന്ന് ബിജെപി സ്ഥാനാർഥിയായ എം.ടി. രമേശ് 1,38,954വോട്ടുകളാണ് പെട്ടിയിലാക്കിയത്. ഇത്തവണ വോട്ട് രണ്ടര ലക്ഷത്തിനടുത്ത് എത്തിക്കാൻ സാധിച്ചു എന്നതിൽ എൻഡിഎയ്ക്ക് ആശ്വസിക്കാം.