1622 കേസുകൾ അവസാനിപ്പിച്ച കൊല്ലം മജിസ്ട്രേട്ട് കോടതിയുടെ നടപടി ഹെെക്കോടതി റദ്ദാക്കി

single-img
23 May 2019

വിവിധ അബ്കാരി, മയക്കുമരുന്ന്, വാഹനക്കേസുകളിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ (മൂന്ന്) നടപടികൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി റദ്ദാക്കി. പ്രതികളെ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന കാരണത്താൽ 1622 കേസുകൾ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റദ്ദാക്കിയെന്നും ഇതു നിയമവിരുദ്ധമാണെന്നും കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസുകൾ വീണ്ടും പരിഗണിക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടു.

ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗവും സമാനമായ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് വിഷയം സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 258 പ്രകാരം കേസിന്റെ ഏതു ഘട്ടത്തിലും നടപടികൾ അവസാനിപ്പിക്കാൻ മജിസ്ട്രേട്ടിന് അധികാരമുണ്ട്. പ്രതികളെ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താൽ കേസ് അവസാനിപ്പിക്കാൻ മജിസ്ട്രേട്ടിന് കഴിയില്ലെന്നും ഈ അധികാരം വിനിയോഗിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

2016 ജൂൺ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്) തീർപ്പാക്കിയ കേസുകളാണിവ. പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് കോടതിക്ക് ബോദ്ധ്യമാകുന്ന അസാധാരണ സാഹചര്യങ്ങളിലും മറ്റുമാണ് ഈ അധികാരം വിനിയോഗിക്കേണ്ടത്. പ്രതികളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ കോടതിയുടെ ഭാഗത്തു നിന്ന് ആത്മാർത്ഥമായ ശ്രമം ഉണ്ടായില്ലെന്നും മജിസ്ട്രേട്ട് അധികാര പരിധി മറികടന്നെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.