ആന്ധ്രാ പ്രദേശില്‍ ചന്ദ്രബാബു നായിഡു ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി; ജഗന്‍ മോഹന്‍ റെഡ്ഢി 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും

single-img
23 May 2019

ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടർന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഗവര്‍ണര്‍ക്കു രാജിക്കത്ത് നല്‍കി. രാജി ഗവര്‍ണര്‍ അംഗീകരിച്ചു. ആന്ധ്രയിലെ 175 സീറ്റുകളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി 30 സീറ്റുകള്‍ നേടിയപ്പോള്‍ വൈഎസ്ആര്‍ കോൺഗ്രസ് നേടിയത് 144 സീറ്റാണ്.

ആന്ധ്രയിൽ കോണ്‍ഗ്രസിനും ബിജെപിക്കും ഒരു സീറ്റുപോലും ഇല്ല. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പാര്‍ട്ടിയായ വൈ എസ് ആർ കോൺഗ്രസ് മെയ് 25-ന് അമരാവതിയില്‍ പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30-ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ ജനങ്ങളുടെ വിജയമെന്നാണു ജഗന്‍ പ്രതികരിച്ചത്.

പാർട്ടി പരാജയപ്പെട്ടു എങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടുകൾക്ക് വിജയിച്ചു. അതേപോലെ ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിലും വൈഎസ്ആര്‍സിപി സംസ്ഥാനം തൂത്തുവാരി. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിലും ജഗന്റെ പാര്‍ട്ടി വിജയം കണ്ടു.