ഇന്ത്യയില്‍ സി.പി.എമ്മിന് വന്‍ തിരിച്ചടി: ലീഡ് ചെയ്യുന്നത് ഒരു സീറ്റില്‍ മാത്രം

single-img
23 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യയില്‍ സി.പി.എം ലീഡ് ചെയ്യുന്നത് ഒരേയൊരിടത്ത് മാത്രം. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഒരിടത്തു മാത്രമാണ് സി.പി.എം ലീഡ് ചെയ്യുന്നത്.

ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ ഒരിടത്തു പോലും സി.പി.എമ്മിന് ലീഡില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റുകളിലാണ് സി.പി.എം വിജയിച്ചത്. സി.പി.ഐയുടെ സ്ഥിതിയും സമാനമാണ്. ഒരു മണ്ഡലത്തില്‍ മാത്രമാണ് സി.പി.ഐയും ലീഡ് ചെയ്യുന്നത്.

അമേഠിയില്‍ രാഹുല്‍ ഗാന്ധി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നില്‍. വയനാട്ടില്‍ 1,09,612 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്.

കുമ്മനം നേമത്ത് മാത്രം

തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡുള്ളത്. ബിജെപി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടിയ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സെന്‍ട്രലും ശശി തരൂരിനെ തുണച്ചു. ഇടതുമുന്നണി കണക്കുകൂട്ടിയ കഴക്കൂട്ടത്തും ശശി തരൂര്‍ ഒന്നാമതെത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഭരിക്കുന്ന നേമം ഒഴികെ മറ്റെല്ലായിടത്തും ശശി തരൂര്‍ തന്നെ ഒന്നാം സ്ഥാനത്ത്.

2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി

291 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു. എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നിലുള്ളത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്.

സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. പാലക്കാട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന്റെ എം.ബി.രാജേഷ് ലീഡ് ചെയ്തിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ സിയാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് നഗര മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍.

സിപിഎം ശക്തികേന്ദ്രങ്ങളിലെ പിന്നോട്ടുപോക്ക് പാര്‍ട്ടിയില്‍ പൊട്ടിത്തറി ഉണ്ടാക്കുമെന്ന് ഉറപ്പ്. നിലവിലെ കണക്ക് അനുസരിച്ച് പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. മലമ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ ഉള്ളത്. സിപിഎം ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.