കേരളത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കെ സുധാകരന് ലീഡ്

single-img
23 May 2019

സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍ 13,016 വോട്ടുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ടയില്‍ ഇപ്പോള്‍ കെ സുരേന്ദ്രന്‍ മൂന്നാമതാണ്. പി.സി ജോര്‍ജിന്റെ പിന്തുണയും ബിജെപിയെ തുണച്ചില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്താണ്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. ധര്‍മടത്ത് മാത്രം രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്.

അതിനിടെ, പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ നരേന്ദ്ര മോദി വാരണാസിയില്‍ പിന്നില്‍. ദേശിയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരണാസി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് മണ്ഡലങ്ങളില്‍, മോദി നിലനിര്‍ത്തിയ മണ്ഡലം കൂടിയായിരുന്നു വാരണാസി.

അതേസമയം, തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.

മുഴുവന്‍ ഫലസൂചനകള്‍ വ്യക്തമാകുമ്പോള്‍ 300ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം ദൃശ്യം.

സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗ!ഡില്‍ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും.