കനത്ത പരാജയം പ്രതീക്ഷിച്ചില്ല; ബിജെപിക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍: പിണറായി വിജയന്‍

single-img
23 May 2019

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പാര്‍ട്ടി ഇത്രയും കനത്ത പരാജയം പ്രതീക്ഷിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാജയപ്പെടാൻ ഇടയാക്കിയ സാഹചര്യങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ ബിജെപിക്ക് സീറ്റ് ലഭിക്കാത്തത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ മുലമാണെന്നും ചുണ്ടിക്കാട്ടി.

‘ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരത്തിൽ ഒരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് എല്‍ഡിഎഫിന്റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. ബിജെപിക്ക് കേരളത്തില്‍ നിന്നും സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്റെ ഈ രാഷ്ട്രീയ നിലപാടുകളാണ്.’- പിണറായി പറഞ്ഞു.

‘അതേസമയം ബിജെപി സര്‍ക്കാരിനെതിരായുള്ള കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടായത്. ഇതിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.