വോട്ടെണ്ണലിനിടെ അമേഠിയില്‍ തെറ്റ് പറ്റിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
23 May 2019

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തട്ടകമായ അമേഠിയില്‍ വോട്ടെണ്ണലിനിടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ ലീഡ് നില സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് തെറ്റ് സംഭവിച്ചത്.

സ്മൃതി ഇറാനിക്ക് 3300 വോട്ട് ലീഡുണ്ടായിരുന്ന സമയത്ത് പതിനായിരം വോട്ട് ഭൂരിപക്ഷമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. പകുതിയോളം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയില്‍ സ്മൃതി ഇറാനിക്ക് വിജയം പിടിച്ചടക്കാനായാല്‍ രാഹുലിന്റെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമത്.

അതിനിടെ, മെയ് 26ന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഒഴിയും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി ഇതിനകം തന്നെ കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 348 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുന്നത്. യു.പി.എ 86 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 108 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി.