അതി നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്; ആറ് പുതിയ പാര്‍ട്ടികള്‍ കൂടി ഒപ്പം ചേരും

single-img
23 May 2019

രാജ്യവിധി വരാനിരിക്കെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്. എല്ലാ പാര്‍ട്ടികള്‍ക്കും അടിയന്തര കത്തയച്ചാണ് കോണ്‍ഗ്രസിന്റെ നീക്കം. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ടെന്ന പേരില്‍ സഖ്യം രൂപീകരിക്കാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പില്‍ സാധ്യത തെളിഞ്ഞാല്‍ ഇന്നു തന്നെ എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ നേതാക്കള്‍ കാണും.

രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പോവുകയാണെന്ന് മുതിര്‍ന്ന നേതാവും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ അജയ് മാക്കന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയായിരിക്കും പുതിയ പ്രധാനമന്ത്രിയെന്നും അജയ് മാക്കന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പോരാട്ടം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും മാക്കന്‍ പറഞ്ഞു.

അതിനിടെ, വാട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാന്‍ സാധ്യത. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇ.വി.എം തിരിമറി സംബന്ധിച്ച പരാതി നേരിട്ട് രാഷ്ട്രപതിക്ക് കൈമാറുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രപതിയെ നേരില്‍ കാണാനായി നേതാക്കള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു.

വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്. പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്.