വിവി പാറ്റ് രസീതുകൾ എണ്ണാൻ ദിവസങ്ങൾ വേണ്ടിവരുമെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം തെറ്റ്: ഏതാനും മണിക്കൂറുകൾ മതിയെന്ന് ഷാജഹാൻ കക്കട്ടിൽ

single-img
22 May 2019

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കുന്ന വേളയിൽ നിശ്ചിത ശതമാനം വിവിപാറ്റ് രസീതുകൾ കൂടി എണ്ണി സുതാര്യത ഉറപ്പ് വരുത്തണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കർശനമായി പാലിക്കണമെന്നും, യന്ത്രങ്ങിൽ വോട്ടെണ്ണുന്നതിന് മുൻപ് വിവിപാറ്റ് രസീതുകൾ എണ്ണണമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഇവിഎമ്മിനൊപ്പം വിവിപാറ്റും കൊണ്ട് വരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

എന്നാൽ സമയക്കുറവ് ചൂണ്ടിക്കാട്ടി വിവിപാറ്റ് രസീതുകൾ എണ്ണിനോക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിരുന്നില്ല. വിവി പാറ്റ് രസീതുകൾ പൂർണമായും എണ്ണി ഫലം പ്രഖ്യാപിക്കണമെങ്കിൽ ആറ് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്  പ്രവാസിയും ടെക് വിദഗ്ദ്ധനുമായ ഷാജഹാൻ കക്കട്ടിൽ.

വിവി പാറ്റ് വോട്ടുകൾ എണ്ണാൻ ഏതാനും മണിക്കൂറുകൾ മാത്രം മതിയെന്നും അല്ലാതെ ദിവസങ്ങൾ വേണ്ടി വരില്ലെന്നും ഷാജഹാൻ കക്കട്ടിൽ വ്യക്തമാക്കുന്നു. നോട്ടെണ്ണൽ ഉപകരണങ്ങളുപയോഗിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായി വോട്ടുകൾ എണ്ണാനാവുമെന്ന് അദ്ദേഹം പറയുന്നു. തന്റെ പക്കലുള്ള നോട്ടെണ്ണൽ യന്ത്രത്തിൽ ഒരു മിനുട്ടിൽ ആയിരം നോട്ടുകൾ എണ്ണാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തിലുള്ള ഉപകരണത്തിന്റെ സഹായത്തോടെ ഒരു ബൂത്തിലെ വോട്ടുകൾ എണ്ണാൻ മിനുട്ടുകൾ മാത്രം മതിയാവും. വിവിപാറ്റ് രസീതുകൾ തരം തിരിക്കുന്നതിന് മാത്രമേ മനുഷ്യ സഹായം ആവശ്യമായി വരുകയുള്ളു. ഇവിഎമ്മിന് വേണ്ടി കോടികൾ മുടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് കുറഞ്ഞ ചെലവിൽ വിവിപാറ്റ് എണ്ണുന്നതിനുള്ള ഉപകരണങ്ങളും ലഭ്യമാക്കാനാവുമെന്നും ഷാജഹാൻ ചൂണ്ടിക്കാണിക്കുന്നു.