നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ വസ്തുനിഷ്ഠമായതല്ല; തുറന്ന് പറച്ചിലുമായി നായകൻ വിവേക് ഒബ്‌റോയി

single-img
22 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ താൻ നായകനായ സിനിമ വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് നടന്‍ വിവേക് ഒബ്‌റോയി.
ഒരാളുടെ ജീവചരിത്ര ചിത്രമെടുക്കാനും പ്രേക്ഷകര്‍ക്ക് വൈകാരികമായ അനുഭവം നല്‍കാനും സംവിധായകന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നും ഇതും അത്തരത്തിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലുള്ള നാടകീയ പ്രവര്‍ത്തനങ്ങളെ എങ്ങനെ സാധൂകരിക്കും എന്ന ചോദ്യത്തിന് വിവേക് നൽകിയ മറുപടി, ഞങ്ങള്‍ അതിനെ എന്നല്ല ഒന്നിനെയും നീതികരിക്കുന്നില്ല. ഇതൊരു സാധാരണ ചിത്രമാണ്. സംവിധായകന്റെ സ്വാതന്ത്യമാണത്. പ്രേക്ഷകര്‍ക്ക് വൈകാരിക അനുഭവം നല്‍കുന്നതിന് വേണ്ടി കുറച്ച് നാടകീയത സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിക്കും. ഞങ്ങളുടെ സിനിമ മോദിയുടെ ജീവിതത്തെ വസ്തുനിഷ്ഠമായി പരിശോധിച്ചെടുക്കുന്ന ചിത്രമല്ല. വ്യക്തമായി പറയുന്നു. ഞങ്ങള്‍ നിര്‍മ്മിക്കുന്നത് അദ്ദേഹത്തെ കുറിച്ചുള്ള ചരിത്രമല്ല’- എന്നായിരുന്നു.

പിഎം നരേന്ദ്രമോദി എന്ന് പേരിട്ട സിനിമയുടെ ട്രെയ്‌ലറുകള്‍ ഇറങ്ങിയ സമയത്ത് തന്നെ ഇത് യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല പല രംഗങ്ങളും എന്ന വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.ഇത് സാധൂകരിക്കുന്ന തരത്തിലാണ് വിവേക് ഒബ്‌റോയിയുടെ പ്രതികരണം.