അങ്ങിനെയൊരു സംഭവം നടന്നിട്ടില്ല, ഇപ്പോള്‍ ഇങ്ങനെ ആരോപണം എന്തിനെന്നും അറിയില്ല; ലൈംഗീകാധിക്ഷേപ ആരോപണത്തില്‍ പ്രതികരണവുമായി സിദ്ദിഖ്

single-img
22 May 2019

തനിക്കെതിരെ ഉണ്ടായ ലൈംഗീകാധിക്ഷേപ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ദിഖ് രംഗത്ത്. നടി ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും തന്റെ ക്ഷണം സ്വീകരിച്ചായിരുന്നു അന്ന് അവര്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും സിദ്ദിഖ് പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘സുഖമായിരിക്കട്ടെ’ എന്ന പടത്തിന്റെ പ്രിവ്യു ഷോക്കിടെ സിദ്ദിഖ് ലൈംഗീകാധിക്ഷേപം നടത്തിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

താന്‍ കേന്ദ്രകഥാപാത്രമായെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ തന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയതെന്നും പ്രിവ്യു കണ്ടതിന് ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് പിരിഞ്ഞതെന്നും സിദ്ദിഖ് പറയുന്നു.

‘ അന്ന് പിരിഞ്ഞതിന് ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങിനെ ഒരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല’ – സിദ്ദിഖ് പറയുന്നു.

കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്കിലൂടെയായിരുന്നു രേവതി സിദ്ദിഖിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. 2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ നടനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞിരുന്നു. സിദ്ദിഖും കെപിഎസി ലളിതയും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഈക്കാര്യം തുറന്നുപറഞ്ഞത്.