പിന്തുണ യുഡിഎഫിന്; എസ്ഡിപിഐയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ബിജെപിയും സിപിഎമ്മും

single-img
22 May 2019

ബിജെപി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളായ തൃശൂർ,​ പത്തനംതിട്ട,​ തിരുവനന്തപുരം എന്നിവിടങ്ങളിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നെന്ന് വെളിപ്പെടുത്തൽ. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസിയുടെതാണ് വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്ഡിപിഐയുടെ തലയിൽ കെട്ടിവെച്ച് സിപിഎമ്മിന് തലയൂരാനാകില്ലെന്നും എസ്ഡിപിഐയുടെ മേൽ തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകൾക്ക് എരിവും പുളിയും നൽകാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ചേർന്ന വാ‌ർത്തസമ്മേളനത്തിലാണ് അബ്ദുൽ മജീദ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ എല്ലാവരെയും ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ ഐക്യപ്പെടുത്തുന്നതിനു പകരം ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാട് സിപിഎം നേതൃത്വം തിരുത്തണം. ബി.ജെ.പിയെ തടയാൻ ഫാസിസ്റ്റ് വിരുദ്ധരായ വോട്ടർമാർ സി.പി.എമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സിപിഎമ്മിനുള്ളതെന്ന് കോടിയേരി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ന്യൂനപക്ഷങ്ങൾ സി.പി.എമ്മിനോട് അന്ധമായ വിരോധം വച്ച് പുലർത്തുന്നവരല്ലെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പോലും തെളിയിച്ചിട്ടുണ്ട്. അപ്പോൾ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിനെതിരായ നിലപാടെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുന്നതിന് പകരം എസ്ഡിപിഐയെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.